ഉണ്ണി മുകുന്ദൻ മാസ് വേഷത്തിലെത്തി, ബോക്സോഫീസിൽ കുതിക്കുന്ന മാർക്കോയുടെ വിശേഷങ്ങളാണ് സമൂഹമാദ്ധ്യമ ഇടങ്ങളിൽ നിറയുന്നത്. ഇതിനിടെ മാർക്കോയുടെ രണ്ടാം ഭാഗം വരുന്നതിനെ കുറിച്ചുള്ള ചർച്ചകളും പ്രേക്ഷകർക്കിടയിൽ നടക്കുകയാണ്. തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ ചിയാൻ വിക്രമായിരിക്കും മാർക്കോ -2 ൽ പ്രതിനായക വേഷത്തിൽ എത്തുക എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ആവേശം പകരുന്ന വാർത്തയാണ് സോഷ്യൽമീഡിയിലൂടെ പുറത്തുവരുന്നത്. മലയാളത്തിന് പുറമേ ഹിന്ദിയിലും തെലുങ്കിലും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് മാർക്കോ. റിലീസ് ചെയ്ത് മുന്നാമത്തെയാഴ്ച പിന്നിടുമ്പോൾ 80 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ഈ കുതിപ്പ് തുടർന്നാൽ ഏതാനും ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ മാത്രം 50 കോടിയാണ് ചിത്രം നേടിയത്. ഹിന്ദിയിൽ 5.73 കോടിയും തെലുങ്കിൽ 2.1 കോടിയും നേടിയിട്ടുണ്ട്. ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോ സ്വന്തമാക്കി കഴിഞ്ഞു. ഏപ്രിലിലാണ് സിനിമ കൊറിയയിൽ റിലീസ് ചെയ്യുന്നത്.