ന്യൂഡൽഹി: ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ് ഫോർ ജസ്റ്റിന് നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ തീരുമാനം ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ. കഴിഞ്ഞ ജൂലൈയിലാണ് സിഖ് ഫോർ ജസ്റ്റിന് യുഎപിഎ പ്രകാരം കേന്ദ്രസർക്കാർ നിരോധിച്ചത്. കേന്ദ്രസർക്കാരിന്റെ തീരുമാനം കൃത്യമാണെന്ന വിലയിരുത്തിയ ജസ്റ്റിസ് അനൂപ് കുമാർ മെൻദിരത്ത നിരോധനം ശരിവെക്കുകയായിരുന്നു. സിഖ് ഫോർ ജസ്റ്റിസിന് ഭീകരസംഘനകളുമായും പാക് ചാരസംഘനയായ ഐഎസ്ഐയുമായും ബന്ധമുണ്ടെന്ന് ട്രൈബ്യൂണൽ വിലയിരുത്തി.
യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യൽ, ആയുധക്കടത്ത്, അനധികൃത സാമ്പത്തിക സമാഹരണം, പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നേരെ വധഭീഷണി തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങളാണ് സംഘടനയ്‌ക്കെതിരായ റിപ്പോർട്ടിലുള്ളത്.
രാജ്യത്ത് ഭീകര പ്രവർത്തനം നടത്തിയെന്ന കണ്ടെത്തിയതിനെ തുടർന്ന് 2019 ജൂലൈയിലാണ് ആദ്യമായി സംഘടനയെ നിരോധിച്ചത്. കഴിഞ്ഞ ജുലൈയിൽ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടി ആഭ്യന്തരമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരുന്നു.
ഖാലിസ്ഥാൻ രൂപീകരണത്തിന് വേണ്ടി വാദിക്കുന്ന യുഎസ് ആസ്ഥാനമായുള്ള വിഘടനവാദ ഗ്രൂപ്പാണ് സിഖ് ഫോർ ജസ്റ്റിസ് ( എസ്എഫ്ജെ ) . 2009-ലാണ് ഗുർപത്‌വന്ത് സിംഗ് സംഘടന ആരംഭിച്ചത്. 2021 ഒക്‌ടോബറിൽ ഖലിസ്ഥാൻ രൂപീകരണത്തിനായി ഇവർ ആഗോളതലത്തിൽ ഹിതപരിശോധന നടത്തി. ഗ്രൂപ്പിന്റെ ഫേസ്ബുക്ക് പേജിന് 2015-ൽ ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2020ലാണ് ഗുർപത്‌വന്ത് സിംഗ് പന്നൂവിനെ ഇന്ത്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.