കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. ആശുപത്രി അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
വെന്റിലേറ്ററിൽ നിന്ന് മാറ്റിയ സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരും. ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ട് ഉണ്ടെങ്കിലും മുൻപത്തെക്കാൾ മെച്ചപ്പെട്ട നിലയിലാണ് ആരോഗ്യമെന്നും ഡോക്ടർമാർ പറഞ്ഞു. എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയലാണ് ഉമാ തോമസ് ചികിത്സയിൽ കഴിയുന്നത്.
കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിൽ മൃദംഗനാദം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാഭരതനാട്യത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായിരുന്നു ഉമാ തോമസ് എംഎൽഎ. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12,000 നർത്തകർ ചേർന്ന് നടന്ന പരിപാടിയിൽ മന്ത്രി സജി ചെറിയാൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. നൃത്തപരിപാടി തുടങ്ങുന്നതിന് തൊട്ടുമുൻപായിരുന്നു അപകടം സംഭവിച്ചത്. സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ അശാസ്ത്രീയമായ രീതിയിൽ കെട്ടിപ്പൊക്കിയ സ്റ്റേജിൽ നിന്ന് വീഴുകയായിരുന്നു എംഎൽഎ. അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തുടർന്ന് പരിപാടിയുടെ സംഘാടകർക്കും പൊലീസിനുമെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. സംഭവത്തിൽ സംഘാടകർക്കെതിരെ അന്വേഷണം തുടരുകയാണ്.