അഹങ്കാരം കാരണം ഒഴിവാക്കിയ സിനിമയാണ് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’ എന്ന ചിത്രമെന്ന് നടി വിൻസി അലോഷ്യസ്. ആ സിനിമ വന്നപ്പോൾ തനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നും അത് ഇന്ന് കാനിൽ എത്തി നിൽക്കുകയാണെന്നും വിൻസി അലോഷ്യസ് പറഞ്ഞു. ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
അടുത്തകാലത്ത് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന ചിത്രം എന്റെ അഹങ്കാരത്തിന്റെ പേരിലാണ് ഒഴിവാക്കിയത്. കഴിവുണ്ടേൽ എവിടെയും എത്തുമെന്ന അഹങ്കാരം എനിക്കുണ്ടായിരുന്നു. അതിന് ഒരു ചെറിയ ഉദാഹരണമുണ്ട്. ഇക്കാര്യം എന്റെ മാതാപിതാക്കൾക്ക് പോലും അറിയില്ല. ഒരു കുമ്പസാരം പോലെ നിങ്ങളോട് പറയാം.
അഹങ്കാരം ഉള്ളിൽ കയറിയ സമയത്താണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമ വന്നത്. എനിക്ക് പറ്റിയ സിനിമയല്ലെന്ന് പറഞ്ഞ് ഒഴിവാക്കി വിട്ടു. ആ സിനിമ ഇന്ന് കാനിൽ എത്തിനിൽക്കുന്നു. ആ സിനിമയെ കുറിച്ചാണ് എല്ലാവരും ഇന്ന് സംസാരിക്കുന്നത്. അഹങ്കാരത്തിന്റെ പേരിലാണ് ഞാൻ അത് ഒഴിവാക്കിയത്. എന്നാൽ ഇപ്പോൾ ഞാൻ താഴേക്ക് എത്തിനിൽക്കുകയാണ്.
എല്ലാത്തിനും ഉള്ളിലൊരു വിശ്വാസം വേണം. പ്രാർത്ഥന വളരെ പ്രാധാന്യമുള്ളതാണ്. ഞാൻ പ്രാർത്ഥന കുറച്ച സമയമുണ്ടായിരുന്നു. പ്രാർത്ഥന ഇല്ലാത്ത സമയവും ഉണ്ടായിരുന്നു. രണ്ടിന്റേയും വ്യത്യാസം വ്യക്തമായി അറിയാൻ സാധിക്കുന്നുണ്ട്. പ്രാർത്ഥിച്ചിരുന്ന സമയത്ത് എത്തേണ്ട സ്ഥലത്ത് താൻ എത്തിയിരുന്നുവെന്നും വിൻസി അലോഷ്യസ് പറഞ്ഞു.