മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ബസൂക്കയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 14-നാണ് സിനിമ റിലീസ് ചെയ്യുന്നത്. നവാഗതനായ ഡീനോ ഡെന്നീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബസൂക്ക. സസ്പെൻസ് ത്രില്ലർ ചിത്രമായാണ് ബസൂക്ക പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്.
മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിലെത്തുന്ന ചിത്രത്തിന് വേണ്ടി ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ബസൂക്കയുടെ ടീസർ വലിയ സ്വീകാര്യത നേടിയിരുന്നു. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
ക്രൈം ത്രില്ലർ ജോണറിലൊരുങ്ങുന്ന ബസൂക്കയിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ദിവ്യ പിള്ള എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിമിഷ് രവിയാണ് സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിക്കുക.
മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.