കോട്ടയം: സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൽ പാർട്ടിയുടെ യുവജന സംഘടനകളായ ഡിവൈഎഫ്‌ഐക്കും എസ്‌എഫ്‌ഐക്കും കടുത്ത വിമർശനം. വിദ്യാർത്ഥി സംഘടനകൾക്ക് പഴയതുപോലെയുള്ള വീര്യം ഇപ്പോഴില്ലെന്നാണ് സംഘടനാ റിപ്പോർട്ട്. എസ്എഫ്ഐ പ്രവർത്തകരും നേതാക്കളും വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു. ഇങ്ങനെയുണ്ടായ അകൽച്ചയാണ് കോളേജുകളിൽ എസ്എഫ്ഐക്ക് സീറ്റ് കുറയുന്നതിന് കാരണമെന്നാണ് സമ്മേളനത്തിലെ വിമർശനം.
പ്രധാനപ്പെട്ട പ്രശ്‍നങ്ങൾ ഏറ്റെടുത്ത് യുവാക്കളിൽ സ്വാധീനം ചെലുത്താൻ ഡിവൈഎഫ്‌ഐക്ക് കഴിയുന്നില്ല. ഇതെല്ലാം യുവാക്കളിൽ ഭരണവിരുദ്ധ വികാരം ഉടലെടുക്കാൻ കരണമായിട്ടുണ്ടെന്നും സമ്മേളനം വിലയിരുത്തി. ബിജെപിയുടെ വളർച്ച ഇടത് വോട്ടുകളിൽ കുറവ് വരുത്തുന്നുണ്ടെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അടുത്തിടെ നടന്ന ജില്ലാ സമ്മേളനങ്ങളിലെല്ലാം പാർട്ടി നേതാക്കൾക്കെതിരെയും സർക്കാർ തീരുമാനങ്ങൾക്കെതിരെയും പാർട്ടിക്കുള്ളിൽ നിന്നുതന്നെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ യുവജന സംഘടനകൾക്കെതിരെയും വിമർശനം ശക്തമായിരിക്കുന്നത്.