മികച്ച പ്രതികരണം നേടി ബോക്സോഫീസ് കളക്ഷനിൽ കുതിക്കുന്നതിനിടെ മാർക്കോയുടെ മേക്കിംഗ് ദൃശ്യങ്ങൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ട വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണവും വയലൻസ് സീനുകളുമാണ് വീഡിയോയിലുള്ളത്.
സഹതാരങ്ങളോടൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ രസകരമായ നിമിഷങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രക്തത്തിൽ കുളിച്ച് നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ കയ്യടി വാരികൂട്ടിയ അത്യുഗ്രൻ വയലൻസ് രംഗങ്ങളുടെ മേക്കിംഗാണ് ബിടിഎസ് വീഡിയോയിൽ അധികവുമുള്ളത്.
മലയാളത്തിന് പുറമേ ഹിന്ദിയിലും തെലുങ്കിലും വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ഹിന്ദിയിൽ 89 സ്ക്രീനുകളിലാണ് മാർക്കോ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 1,360 സ്ക്രീനുകളിലായി പ്രദർശനം ഉയർന്നിട്ടുണ്ട്. ഇത് മലയാള സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്.
ബാഹുബലിക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും മാർക്കോ സ്വന്തമാക്കി കഴിഞ്ഞു. ഏപ്രിലിലാണ് സിനിമ കൊറിയയിൽ റിലീസ് ചെയ്യുന്നത്.