തിരുവനന്തപുരം; ചൂരൽമല ഉരുൾപൊട്ടൽ ദൃശ്യങ്ങളിലൂടെ ലോകമെങ്ങുമുള്ള മലയാളിയുടെ ഹൃദയത്തിൽ പതിഞ്ഞ ചിത്രമായിരുന്നു വെള്ളാർമല സ്‌കൂളിന്റേത്. ഒറ്റ രാത്രി കൊണ്ട് എല്ലാം മണ്ണെടുത്ത സ്വന്തം നാടിന്റെ നടുക്കത്തിന്റെയും അതിജീവനത്തിന്റെയും കഥയുമായി സംസ്ഥാന കലോത്സവവേദിയുടെ ഉദ്ഘാടനവേദി കീഴടക്കിയിരിക്കുകയാണ് വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി സംഘം. ഉരുളെടുത്ത നാടിന്റെ അതിജീവനകഥയുടെ നൃത്താവിഷ്‌കാരവുമായിട്ടാണ് ഏഴംഗ വിദ്യാർത്ഥിനി സംഘം അനന്തപുരിയിലെത്തിയത്.
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ആഘാതവും അവിടത്തെ മനുഷ്യരുടെ അതിജീവന കഥയുമായിരുന്നു നൃത്തത്തിന്റെ പ്രമേയം. ഉദ്ഘാടന വേദിയായിരുന്ന സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ പതിനായിരങ്ങളുടെ ഹൃദയത്തിലേക്ക് നാടിന്റെ വേദന കോറിയിട്ട വരികൾക്കൊപ്പം അവർ ചുവടുവെച്ചു. മനോഹരമായ ചൂരൽമല ഗ്രാമവും സ്‌കൂൾ ജീവിതവും അവതരിപ്പിച്ചുകൊണ്ട് തുടങ്ങിയ നൃത്തം, ദുരന്തചിത്രങ്ങളുടെ ഭീകരതയിലൂടെ കടന്നുപോയി അതിജീവനത്തിന്റെ നല്ല സന്ദേശം പകർന്നാണ് അവസാനിച്ചത്. അഞ്ചൽ, വീണ, സാധിക, വൈഗ, അശ്വനി, ശിവപ്രിയ, ഋഷിക. എന്നിവരാണ് വെള്ളാർമലയുടെ നൃത്താവിഷ്‌കാരവുമായി കലോത്സവവേദിയിലെത്തിയത്.
ഒരു പ്രദേശം മുഴുവനായി ഒലിച്ചുപോകാൻ തടസമായി നിന്നത് ആ സ്‌കൂൾ കെട്ടിടമായിരുന്നു. മലമുകളിൽ നിന്ന മരങ്ങളും മണ്ണും ഒലിച്ചിറങ്ങി സ്‌കൂൾ ഏറെക്കുറെ നാമാവശേഷമാകുകയും ചെയ്തിരുന്നു. വെള്ളാർമല സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് നൃത്താവിഷ്‌കാരം അരങ്ങിലെത്തിച്ചത്.
നൃത്തം അവതരിപ്പിച്ചതിന് ശേഷം മന്ത്രിമാരായ വി.ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എം.എൽ.എ. എന്നിവർ ചേർന്ന് വിദ്യാർഥികളെ ഉപഹാരം നൽകി ആദരിച്ചു. വേദിയിലെത്തും മുൻപ് മുഖ്യമന്ത്രിയും ഇവരെ കണ്ടിരുന്നു.