പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ ഗോവയിൽ നിന്ന് കണ്ടെത്തി. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. മഡ്ഗാവ് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ പെൺകുട്ടി ഗോവയിലെ മഡ്ഗാവ് പൊലീസ് സ്റ്റേഷനിലാണുള്ളത്.
നിലമ്പൂരിൽ നിന്നും വിനോദയാത്രപോയ അദ്ധ്യാപക സംഘത്തിന്റെ ഡ്രൈവർ ഗോവ പൊലീസിന് വിവരം നൽകുകയായിരുന്നു. പട്ടാമ്പി പൊലീസും കുട്ടിയുടെ ബന്ധുക്കളും ഗോവയിലേക്ക് പുറപ്പെട്ടു. പിതാവ് പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ചു.
നേരത്തെ കുട്ടി പട്ടാമ്പിയിൽ നിന്നും പരശുറാം എക്സ്പ്രസിൽ സഞ്ചരിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. കുട്ടിയുടെ ഒപ്പം യാത്രചെയ്തുവെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പട്ടാമ്പി പൊലീസ് പുറത്തുവിട്ടിരുന്നു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 36 അംഗ സംഘം അഞ്ച് ടീമുകളായി തിരിഞ്ഞ് അന്വേഷണം നടത്തുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്.
കണ്ടെത്തുമ്പോൾ കുട്ടി ഒറ്റയ്‌ക്കയിരുന്നുവെന്നാണ് വിവരം. കുട്ടി എന്തിന് പോയി, കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളിൽ ഇനിയും വ്യക്തത ലഭിക്കാനുണ്ട്. ഡിസംബർ 30 നാണ് ചൂരക്കോടെ വീട്ടിൽ നിന്നും ട്യൂഷൻ സെന്ററിലേക്ക് പോയ പെൺകുട്ടിയെ കാണാതായത്.