ന്യൂഡൽഹി: ചൈനയിൽ സ്ഥിരീകരിച്ച ശ്വാസകോശ സംബന്ധ അസുഖമായ ഹ്യുമൺ മെറ്റന്യൂമോ വൈറസ് (എച്ച്എംപിവി) വ്യാപനത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൈനയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇതിന് മുമ്പും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ അസുഖം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരീക്ഷക യോഗം ചേർന്നിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ഇന്ത്യ തയാറാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രാലയം സംയുക്ത മോണിറ്ററിംഗ് ഗ്രൂപ്പ് യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുജനങ്ങൾക്കായി പ്രസ്താവന പുറപ്പെടുവിച്ചത്.
ലോകാരോഗ്യ സംഘടനയിൽ നിന്നും മറ്റ് ദേശീയ- അന്തർദേശീയ മാദ്ധ്യമങ്ങളിലെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചുവരികയാണ്. ലഭിക്കുന്ന വിവരങ്ങൾ ഉടനടി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ആരോഗ്യമന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്.
എല്ലാവരും വ്യക്തിശുചിത്വം പാലിക്കണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സതേടണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രധാനമായും കുട്ടികളെയും പ്രായമായവരെയുമാണ് എച്ച്എംപിവി കൂടുതലായും ബാധിക്കുന്നത്. ചുമ, ശ്വാസംമുട്ടൽ, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയ ജലദോഷത്തിന് സമാനമായ ലക്ഷണങ്ങളാണ് എച്ച്എംപിവി വൈറസ് ബാധയ്‌ക്ക് കണ്ടുവരുന്നത്.