ന്യൂഡൽഹി: ഡൽഹിയിൽ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും. 12,200 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. പൂർണമായും പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള വിവിധ പദ്ധതികൾക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കമിടുന്നത്.
ഡൽഹി- ഗാസിയാബാദ്- മീററ്റ് നമോ ഭാരത് ഇടനാഴിയുടെ ഭാഗമായി സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയിലുള്ള 13 കിലോമീറ്റർ റെയിൽവേ ലൈനിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. നമോ ഭാരത് ട്രെയിനിൽ സാഹിബാബാദ് ആർആർടിഎസ് സ്റ്റേഷൻ മുതൽ ന്യൂ അശോക് നഗർ ആർആർടിഎസ് സ്റ്റേഷൻ വരെ പ്രധാനമന്ത്രി യാത്ര ചെയ്യും. അദ്ദേഹം യാത്രക്കാരുമായി സംവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 4,600 കോടി രൂപ ചെലവിലാണ് ഇടനാഴി നിർമിച്ചിരിക്കുന്നത്.
ഡൽഹിക്കും മീററ്റിനുമിടയിൽ നമോ ഭാരത് ട്രെയിൻ വരുന്നതോടെ ജനങ്ങൾക്ക് സുഗമമായ യാത്രാസൗകര്യം ഉറപ്പാക്കാനാവും. അതിവേഗത്തിലും സുരക്ഷിതത്വത്തിലും യാത്രക്കാർക്ക് മികച്ച യാത്രാനുഭവം പകരാൻ നമോ ഭാരതിലൂടെ സാധിക്കും.
ഡൽഹി മെട്രോയുടെ ജനക്പുരിക്കും കൃഷ്ണ പാർക്കിനുമിടയിലുള്ള പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 1,200 കോടി രൂപ ചെലവിലാണ് ഇവ നിർമിച്ചത്. മെട്രോയുടെ നാലാംഘട്ട നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി റിതാല – കുണ്ട്ലി ഭാഗത്തിന്റെ തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും.
ഡൽഹിയിലെ രോഹിണിയിലുള്ള സെൻട്രൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (CARI) പുതിയ കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. അത്യാധുനിക സൗകര്യങ്ങളോടെ 185 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.