റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ച് സുരക്ഷാസേന. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഹെഡ് കോൺസ്റ്റബിൾ വീരമൃത്യു വരിച്ചു. പൊലീസും സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡ് ഹെഡ് കോൺസ്റ്റബിൾ സന്നു കാരം ആണ് വീരമൃത്യു വരിച്ചത്. നക്സലുകൾ ഒളിച്ചുതാമസിക്കുന്ന അബുജ്മാർ വനമേഖലയിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ.
ഇന്നലെ വൈകിട്ട് മുതലാണ് അതിർത്തി സുരക്ഷാ സേനയുടെ പ്രത്യേക ഓപ്പറേഷൻ ആരംഭിച്ചത്. സിആർപിഎഫ് സംഘങ്ങളെ കൂടാതെ നാരായൺപൂർ, ദന്തേവാഡ, ജഗദർപൂർ, കൊണ്ടഗൻ ജില്ലകളിലെ പൊലീസ് സംഘങ്ങളും ഓപ്പറേഷന്റെ ഭാഗമായി.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്. സേനാംഗങ്ങളെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. ഓപ്പറേഷനിൽ വെടിക്കോപ്പുകളും മാരകായുധങ്ങളും കണ്ടെടുത്തു.
പൊലീസിലെ ഡിസ്ട്രിക്ട് റിസർവ്വ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സും ഓപ്പറേഷനിൽ പങ്കെടുത്തിരുന്നു. വനമേഖലകൾ കേന്ദ്രീകരിച്ച് ഭീകരർ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ.