തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നത് വസ്തുതയുടെ അടിസ്ഥാനത്തിൽ ശരിയല്ലെന്ന് വനം വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ. നിലമ്പൂർ കുരുളായിയിൽ മണി എന്ന ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു കൊന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു വനം മന്ത്രി. ആഴ്ചകൾക്കിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് മണി.
വന്യജീവി ആക്രമണം മലയോര മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനെ ഉത്ക്കണ്ഠയോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അത് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നത് വസ്തുതയുടെ അടിസ്ഥാനത്തിൽ ശരിയല്ല. വനം വകുപ്പും സർക്കാരും വളരെയേറെ ശ്രമിക്കുന്നതിന്റെ ഫലമായി അക്രമങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറച്ചുകൊണ്ടുവരാനായി എന്നാണ് ഇപ്പോഴത്തെ കണക്കുകൾ വ്യക്തമാക്കുന്നതെന്നും മന്ത്രി പറയുന്നു.
ആഴ്ചകൾക്ക് മുൻപ് എറണാകുളം കുട്ടമ്പുഴയിൽ എൽദോസ് എന്ന യുവാവിനെ രാത്രിയിൽ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാടും ആനയുടെ ആക്രമണത്തിൽ അമർ ഇലാഹി എന്ന യുവാവും
കൊല്ലപ്പെട്ടു. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം ചെറുക്കാനുള്ള ഫെൻസിങ്ങും ട്രഞ്ചിംഗും ഉൾപ്പെടെയുള്ള മുൻകരുതലുകൾ നടപ്പിലാക്കുന്നതിലും അത് പരിപാലിക്കുന്നതിലും വനം വകുപ്പ് പരാജയമാണെന്ന് ആക്ഷേപം നിലവിലുണ്ട്.
കുട്ടമ്പുഴയിൽ എൽദോസിന്റെ മരണത്തിന് പിന്നാലെ വലിയ പ്രതിഷേധവും രോഷവുമാണ് പ്രദേശത്ത് ഉണ്ടായത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകളെ പട്ടികവർഗ വികസന വകുപ്പിന്റെ ഹോസ്റ്റലിലാക്കി മടങ്ങുന്നതിനിടെയാണ് പൂച്ചപ്പാറ മണി എന്ന 40 കാരനായ ആദിവാസി യുവാവിനെ കാട്ടാന ആക്രമിക്കുന്നത്. ഒന്നര കിലോമീറ്ററോളം മണിയെ ചുമന്ന് കന്നകൈ എത്തിച്ച് പിന്നീട് ജീപ്പിൽ നെടുങ്കയത്ത് എത്തിച്ച ശേഷമാണ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കാനായത്.
കൊല്ലപ്പെട്ടത് ആദിവാസി വിഭാഗത്തിൽപെട്ട യുവാവായതിനാൽ സർക്കാരിന് സഹായിക്കാൻ കഴിയും. അതിന് അനുസരിച്ചുള്ള സാമ്പത്തിക സഹായം നൽകാനുള്ള നിർദ്ദേശങ്ങൾ നൽകിയതായും മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.