എറണാകുളം: ആക്രിക്കടയിൽ വൻ തീപിടിത്തം. കാക്കനാട് കെന്നടിമുക്കിന് സമീപത്തുള്ള ആക്രിക്കടയിലാണ് തീപിടിത്തമുണ്ടായത്. പെയിന്റടിക്കാനെത്തിയ തൊഴിലാളികളാണ് തീപടരുന്നത് കണ്ടത്. തൃക്കാക്കര അഗ്നിരക്ഷാ സേന എത്തി തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.
തീപിടിത്തം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. തീ വേഗത്തിൽ പടർന്നുപിടിക്കുകയായിരുന്നു. പുക വലിയ തോതിൽ പ്രദേശത്ത് വ്യാപിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘങ്ങൾ സ്ഥലത്തേക്ക് എത്തി.
ആക്രിക്കടയുടെ സമീപത്തായി നിന്നിരുന്ന തെങ്ങുകൾ ഉൾപ്പെടെ കത്തിനശിച്ചു. തീപിടിത്തത്തിൽ ഷെഡ്ഡിന്റെ ഒരു ഭാഗം പൂർണമായും തകർന്ന് വീണു. ആക്രിസാധനങ്ങൾ ആയതിനാൽ തീ അതിവേഗം പടർന്നുപിടിക്കുകയായിരുന്നു. സമീപത്ത് നിരവധി വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
സംഭവസമയത്ത് ആക്രിക്കടയിൽ ഒരു അതിഥി തൊഴിലാളി മാത്രമാണ് ഉണ്ടായിരുന്നത്. ഇയാളെ സ്ഥലത്ത് നിന്ന് മാറ്റി. വെൽഡിംഗിനിടെയുണ്ടായ തീപിടിത്തമെന്നാണ് പ്രാഥമിക നിഗമനം.