മലപ്പുറം: കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റർ തോളിൽ ചുമന്നാണ് കന്നകൈയിലെത്തിച്ചതെന്ന് മണിയുടെ സഹോദരൻ അയ്യപ്പൻ. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിവരമറിഞ്ഞതെന്നും സഹോദരൻ പറഞ്ഞു.
നെറ്റ് വർക്ക് ഇല്ലാത്തതിനിലാണ് വിവരമറിയാൻ താമസമുണ്ടായതെന്ന് മണിയുടെ അയൽവാസിയായ വിനോദ് പ്രതികരിച്ചു. മണിയുടെ കയ്യിൽ കുഞ്ഞുണ്ടായിരുന്നു. കാട്ടാന ആക്രമിക്കുന്ന സമയത്ത് കുട്ടി തെറിച്ച് നിലത്തുവീണു. ആ കുട്ടിയെയും എടുത്തുകൊണ്ടാണ് ബാക്കിയുള്ളവർ ഓടിയത്. 18,19 വയസുള്ള മൂന്ന് കുട്ടികളും അഞ്ച് വയസുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു.
മണിയെ തോളിൽ ചുമന്ന് ആദ്യം കന്നക്കൈയിലെത്തിച്ചു. പിന്നീട് ജീപ്പിൽ നെടുങ്കയ്യത്ത് കൊണ്ടുവന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. അപകട വിവരമറിയാൻ ഒന്നര മണിക്കൂറെടുത്തു. ബന്ധുക്കളെ ആരെയും വിവരമറിയിക്കാൻ സാധിച്ചില്ലായിരുന്നുവെന്നും വിനോദ് പറഞ്ഞു.
മണിയുടെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ബാഹ്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് പോകുന്ന വഴി മണി സംസാരിച്ചിരുന്നു. ഒരു കുട്ടിയെ ഹോസ്റ്റലിലാക്കി പനിയുള്ള മറ്റ് കുട്ടികളെ ആശുപത്രിയിൽ കാണിച്ച് മടങ്ങുകയായിരുന്നുവെന്നും ഡിഎഫ്ഒ പറഞ്ഞു.















