ന്യൂഡൽഹി: നമോ ഭാരത് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) ഡൽഹി-മീററ്റ് സെക്ഷനിലേക്ക് നീട്ടിയതിന്റെ ഭാഗമായി പുതിയതായി പണികഴിപ്പിച്ച 13 കിലോമീറ്റർ പാത രാജ്യത്തിന് സമർപ്പിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ സാഹിബാബാദിനെയും ഡൽഹിയിലെ അശോക് നഗറിനെയും ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നമോ ഭാരത് ട്രെയിനിൽ വിദ്യാർത്ഥികളോടൊപ്പം യാത്ര ചെയ്താണ് പ്രധാനമന്ത്രി മടങ്ങിയത്. സാഹിബാബാദിൽ നിന്ന് ന്യൂ അശോക് നഗർ വരെ പ്രധാനമന്ത്രി യാത്ര ചെയ്തു.
ഡൽഹി-മീററ്റ് നമോ ഭാരത് RRTS ഇടനാഴി
ന്യൂ അശോക് നഗറിനെയും മീററ്റ് സൗത്തിനെയും ബന്ധിപ്പിച്ചതോടെ RRTS ഇടനാഴിയുടെ ഓപ്പറേഷണൽ ദൂരപരിധി 55 കിലോമീറ്ററായി വർദ്ധിച്ചു. 11 സ്റ്റേഷനുകളാണ് ആകെയുള്ളത്. എല്ലാ 15 മിനിറ്റ് കൂടുമ്പോഴും സ്റ്റേഷനിൽ ട്രെയിൻ എത്തും. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത സാഹചര്യത്തിൽ ജനുവരി അഞ്ചിന് വൈകിട്ട് അഞ്ച് മണി മുതൽ യാത്രക്കാർക്ക് തുറന്നുനൽകുന്നതാണ്. ന്യൂ അശോക് നഗറിൽ നിന്ന് മീററ്റ് സൗത്തിലേക്ക് സ്റ്റാൻഡേർഡ് കോച്ചിൽ യാത്ര ചെയ്യുകയാണെങ്കിൽ 150 രൂപയാണ് ടിക്കറ്റ് നിരക്ക്. പ്രീമിയം കോച്ചിന് 225 രൂപയാണ്.
പുതുതായി ഉദ്ഘാടനം ചെയ്ത 13 കിലോ മീറ്റർ സെക്ഷനിൽ ആറ് കിലോമീറ്റർ ഭൂഗർഭപാതയാണ്. ഇതിൽ ഡൽഹിയിലെ ഏറ്റവും സുപ്രധാനമായ ആനന്ദ് വിഹാർ സ്റ്റേഷനുമുണ്ട്. പ്രധാന ട്രാൻസിറ്റ് ഹബ്ബായ ഇവിടെ റെയിൽവേ സ്റ്റേഷൻ, ബസ് ടെർമിനൽ, ഡൽഹി മെട്രോ എന്നിവ ലഭ്യമാണ്.
പുതിയ RRTS സെക്ഷൻ നിലവിൽ വന്നതോടെ ഡൽഹിയെ മീററ്റുമായി ബന്ധിപ്പിക്കുന്ന ഏറ്റവും സൗകര്യപ്രദമായ വഴിയാണ് തുറന്നിരിക്കുന്നത്. മീററ്റിൽ നിന്ന് ഡൽഹിയിലെത്താൻ ഇനി 40 മിനിറ്റ് മതിയാകും. ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രവർത്തനക്ഷമമാകുന്നതോടെ, ഒരു ലക്ഷത്തിലധികം സ്വകാര്യ വാഹനങ്ങൾ നിരത്തുകളിൽ നിന്ന് കുറയ്‌ക്കാനും പ്രതിവർഷം 2.5 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാനും കഴിയുമെന്നാണ് വിലയിരുത്തൽ.















