പെൺകുട്ടിയുടെ പിറകെ ഒറ്റത്തവണ നടക്കുമ്പോഴേക്കും അതിനെ സ്റ്റോക്കിംഗ് എന്ന് പറയാൻ കഴിയില്ലെന്ന് കോടതി. ബോംബെ ഹൈക്കോടതിയുടേതാണ് നിരീക്ഷണം. ഐപിസി സെക്ഷൻ 354 (ഡി) പ്രകാരം സ്റ്റോക്കിംഗ് (പിന്തുടരൽ) ആയി കുറ്റകൃത്യത്തെ പരിഗണിക്കണമെങ്കിൽ പിന്തുടരൽ സ്ഥിരമായോ ആവർത്തിച്ചോ സംഭവിക്കുന്നതാകണമെന്ന് കോടതി നിരീക്ഷിച്ചു. 14-കാരിക്കെതിരായ ലൈംഗികാതിക്രമ കേസിലാണ് കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ജസ്റ്റിസ് ജി.എ സനപിന്റേതായിരുന്നു നിരീക്ഷണം.
19 വയസുള്ള രണ്ട് യുവാക്കളാണ് കേസിലെ പ്രതികൾ. 2020ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അതിനാൽ ഐപിസി പ്രകാരമായിരുന്നു എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്. ഒരേയൊരിക്കൽ മാത്രമാണ് പ്രതിയായ യുവാവ് പെൺകുട്ടിയെ പിന്തുടർന്നത്, അതിനാൽ ഈ സംഭവം ഐപിസി പ്രകാരം സ്റ്റോക്കിംഗിന് കീഴിൽ വരികയില്ല. ഇത്തരം കുറ്റകൃത്യങ്ങൾ സ്ഥാപിക്കണമെങ്കിൽ തുടർച്ചയായ/സ്ഥിരമായ പ്രവൃത്തികളുടെ തെളിവ് ആവശ്യമാണെന്ന് ജസ്റ്റിസ് സനപ് പറഞ്ഞു.
2020ൽ നടന്ന സംഭവമിങ്ങനെ..
14-കാരിയുടെ പിറകെ 19കാരൻ നടക്കുകയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഇത് നിരസിച്ച പെൺകുട്ടി വിവരം വീട്ടിലറിയിച്ചതോടെ സംഗതി വഷളായി. യുവാവിന്റെ കുടുംബത്തോടെ പെൺകുട്ടിയുടെ വീട്ടുകാർ വിവരം പറഞ്ഞു. ഇത് നിരവധി പ്രശ്നങ്ങളിലേക്ക് വഴിവച്ചു. ഇതോടെ പെൺകുട്ടിയെ പ്രതി നിരന്തരമായി ശല്യം ചെയ്യാൻ തുടങ്ങി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പെൺകുട്ടിയെ കയറിപ്പിടിക്കുകയും ആക്രമിക്കുകയും ചെയ്തു. ഇതിന് വീടിന്റെ പുറത്തുനിന്ന് സഹായം ചെയ്ത സുഹൃത്താണ് കേസിലെ രണ്ടാം പ്രതി. ഇരുവർക്കുമെതിരെ ഐപിസിയുടെ വിവിധ വകുപ്പുകളും പോക്സോയും ചുമത്തി പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ കുറ്റക്കാരാണെന്ന് വിചാരണക്കോടതി കണ്ടെത്തുകയും ചെയ്തു.
പോക്സോയിലെ പ്രസക്തമായ വകുപ്പുകൾ, ലൈംഗികാതിക്രമം, സ്റ്റോക്കിംഗ്, വീട്ടിൽ അതിക്രമിച്ചുകയറൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. എന്നാൽ ഇതിലെ ‘സ്റ്റോക്കിംഗ്’ എന്ന കുറ്റം പ്രതികൾക്കെതിരെ ചുമത്താൻ സാധിക്കില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടുന്നത്.