തിരുവനന്തപുരം: കൗമാരകലയുടെ താളമേളങ്ങളിലാണ് അനന്തപുരി. എല്ലാ വേദികളിലും പ്രതിഭകളുടെ മിന്നലാട്ടം. പല സാഹചര്യങ്ങളിൽ നിന്നെത്തി കലോത്സവ വേദി കീഴടക്കിയവർ. വിജയത്തിന്റെ മധുരത്തിലുപരി ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയിൽ മാറ്റുരയ്‌ക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ മടങ്ങുന്നവർ.
ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കഥകളി സംഗീത മത്സരത്തിൽ എ ഗ്രേഡ് നേടിയ ദേവരാഗിന്റെ നേട്ടത്തിന് പിന്നിലെ പ്രചോദനം അമ്മയാണ്. കണ്ണൂർ ജി.എച്ച്.എസ്.എസ് മതിൽ സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിയാണ് ദേവരാഗ് രാജേഷ്. ഭിന്നശേഷിക്കാരിയായ ദിവ്യ വീൽ ചെയറിലാണ് മകനൊപ്പം കലോത്സവത്തിനെത്തിയത്.
പയ്യന്നൂർ സബ് കോടതിയിൽ ജൂനിയർ സൂപ്രണ്ട് ആണ് ദിവ്യ. പതിമൂന്നാം നമ്പർ വേദിയായ ചാലക്കുടി പുഴയിൽ അമ്മയ്‌ക്കൊപ്പം മത്സരിക്കാൻ എത്തിയ ദേവരാഗിന് കാണികളുടെയും വലിയ പിന്തുണ ലഭിച്ചു. ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ ദേവരാഗ് മത്സരിക്കുന്നത്. ആദ്യമായി പങ്കെടുത്ത ഇനത്തിൽ തന്നെ എ ഗ്രേഡ് നേടാനായതിന്റെ സന്തോഷത്തിലാണ് ഇരുവരും. കോഴിക്കോട് സ്വദേശിയായ കലാനിലയം ഹരിയാണ് ദേവരാഗിന്റെ ഗുരു.