തൃശൂർ: പന്നിയങ്കര ടോൾ ഗേറ്റിൽ പ്രദേശവാസികളിൽ നിന്ന് തൽക്കാലം ടോൾ ഈടാക്കില്ല. വടക്കഞ്ചേരിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഒരു മാസം വരെ തൽസ്ഥിതി തുടരാൻ തീരുമാനിച്ചതാണ് താൽക്കാലിക ആശ്വാസമായത്. വിദഗ്ധ സമിതിയെ തീരുമാനിച്ച് ഒരു മാസത്തിനകം വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തും.
5 കിലോമീറ്റർ പരിധിയിലുള്ളവർക്ക് സൗജന്യം അനുവദിക്കാമെന്നും, ബാക്കിയുള്ള പ്രദേശവാസികൾക്ക് പ്രതിമാസ പാസ് എന്ന വ്യവസ്ഥയിൽ തുടരാമെന്ന് ടോൾ കമ്പനി അറിയിച്ചെങ്കിലും യാതൊരു കാരണവശാലും പണം നൽകാൻ തയ്യാറല്ലെന്ന നിലപാടിൽ ആയിരുന്നു നാട്ടുകാർ. തുടർന്നാണ് ഫെബ്രുവരി 5 വരെ തൽസ്ഥിതി തുടരാനും പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുന്നത് ഒഴിവാക്കാനും തീരുമാനിച്ചത്.
ടോൾ ബൂത്തിന് സമീപമുള്ള 5 പഞ്ചായത്തുകളിലെ നാല് ചക്രവാഹനങ്ങളുടെ കണക്കെടുക്കാനും പിന്നീട് എംപി ഉൾപ്പെടെ യുള്ളവരുടെ സാന്നിധ്യത്തിൽ അടുത്തമാസം 5 നകം ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 30 നകം വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങളുടെ ഡെൻസിറ്റി അതായത് നിലവിലെ സൗജന്യ നിരക്കിൽ തുടരുന്ന 5 പഞ്ചായത്തുകളിലെ നാലു ചക്ര വാഹനങ്ങൾ എത്രയെണ്ണം ടോൾ പ്ലാസ വഴി ഒരു മാസം കടന്നു പോകുന്നു എന്ന കണക്ക് എടുക്കും. സൗജന്യമായി പോകേണ്ടവർ ആരൊക്കെയെന്ന് കൃത്യമായ ഒരു ഡാറ്റ ശേഖരിക്കാനാണ് ഈ നടപടിയെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞു.
പന്നിയങ്കരയിൽ ജനുവരി 6 മുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കാൻ കരാർ കമ്പനി തീരുമാനമെടുത്തതോടെയാണ് വീണ്ടും പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തിയത്. മൂന്നുമാസം മുൻപ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുമായി വിഷയം ചർച്ച ചെയ്തിരുന്നു. എന്നാൽ പ്രദേശവാസികളിൽ നിന്ന് ടോൾ പിരിക്കാൻ അനുവദിക്കില്ലെന്ന നിലപാട് ജനപ്രതിനിധികൾ സ്വീകരിച്ചതോടെ തീരുമാനമായില്ല. പണം ഈടാക്കാൻ തുടങ്ങിയാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങൾ തടയുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.















