പനാജി: തദ്ദേശീയമായി നിർമിച്ച രണ്ട് അതിവേഗ പട്രോൾ വെസലുകൾ പുറത്തിറക്കി ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ്. ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി രൂപകൽപ്പന ചെയ്ത കപ്പലുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതികവിദ്യയും മികച്ച പ്രവർത്തനവും കാഴ്ച വയ്‌ക്കുന്ന ഈ കപ്പലുകൾ ഗോവ ഷിപ്പ്‌യാർഡിന്റെ ജൈത്ര യാത്രയെ ചൂണ്ടിക്കാട്ടുന്നതാണെന്ന് സിഎംഡി ബ്രജേഷ് കുമാർ ഉപാധ്യായ പറഞ്ഞു.
” ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റ് അതിവേഗം വളരുകയാണ്. പുതിയ നിർമാണ പ്രവർത്തനങ്ങളിലൂടെ മൊത്ത വരുമാനം വർദ്ധിച്ചു. തദ്ദേശീയമായി കപ്പലുകൾക്കാവശ്യമായ വസ്തുക്കൾ നിർമിക്കുന്നതിലൂടെ ഇന്ത്യയുടെ മുൻനിര കപ്പൽ നിർമാതാക്കളിൽ ഒരു കമ്പനിയായി മാറാൻ ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റിന് സാധിക്കും.”- ജിഎസ്എൽ സിഎംഡി ബ്രജേഷ് കുമാർ ഉപാധ്യായ പറഞ്ഞു.
അമൂല്യ, അക്ഷയ് എന്നീ പേരുകളാണ് കപ്പലുകൾക്ക് നൽകിയിരിക്കുന്നത്. അഥർവവേദത്തിന്റെ മന്ത്രോച്ഛാരണത്തോടെ സജീവ് കുമാർ ഐഎഎസിന്റെ സാന്നിധ്യത്തിൽ വന്ദന അഗർവാളാണ് വെസലുകൾ പുറത്തിറക്കിയത്. ഐജി എച്ച് കെ ശർമ്മ തുടങ്ങി പ്രതിരോധ മേഖലയിലെയും നാവിക സേനയിലെയും വിശിഷ്ട വ്യക്തികളും ലോഞ്ചിൽ പങ്കെടുത്തു.
പ്രതിരോധ മേഖലയിൽ ആത്മനിർഭര ഭാരതം എന്ന സന്ദേശം സാക്ഷാത്കരിക്കുന്നതാണ് കപ്പലുകളുടെ നിർമാണം. 2024 ഒക്ടോബറിൽ ഇതേ ശ്രേണിയിലുള്ള രണ്ട് കപ്പലുകളും ജിഎസ്എൽ പുറത്തിറക്കിയിരുന്നു. 52 മീറ്റർ നീളവും 8 മീറ്റർ വീതിയും 320 ടൺ ഭാരവുമുള്ള ഈ കപ്പലുകൾ ദ്വീപ് പ്രദേശങ്ങൾ നിരീക്ഷിക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും കോസ്റ്റ് ഗാർഡിന് മുതൽക്കൂട്ടായി പ്രവർത്തിക്കും.















