പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ തിരക്കിനിടയിൽപ്പെട്ട് കാണാതാകുന്നവരെ കണ്ടെത്താൻ AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രജിസ്‌ട്രേഷൻ സെന്റർ.
മഹാ കുംഭമേള അതോറിറ്റിയും പൊലീസ് ഡിപ്പാർട്ട്‌മെൻ്റും ചേർന്നാണ് ‘1920 സെൻ്റർ’ എന്നറിയപ്പെടുന്ന AI ഹൈടെക് കംപ്യൂട്ടറധിഷ്ഠിത രജിസ്‌ട്രേഷൻ സെന്റർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കിനിടയിൽ ഒറ്റപ്പെട്ടുപോകുന്ന തീർത്ഥാടകർക്ക് അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കണ്ടെത്താൻ ഈ കേന്ദ്രം സഹായിക്കും.
ഇങ്ങനെയുള്ള ഘട്ടങ്ങളിൽ തീർത്ഥാടകർക്ക് എല്ലാ സ്ഥലങ്ങളിലും ഡിജിറ്റൽ രജിസ്‌ട്രേഷൻ സൗകര്യം നടപ്പാക്കിയിട്ടുണ്ട്. ഇത്തവണത്തെ മഹാകുംഭമേള ദിവ്യവും മഹത്തയതുമായ ഒരു ഡിജിറ്റൽ അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് സെക്ടർ മജിസ്‌ട്രേറ്റ് ഗ്യാൻ പ്രകാശ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവർ വിവിധ ഭാഷകൾ സംസാരിക്കുന്നവരാണ്. AI സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത് ഇംഗ്ലീഷിലോട്ടോ ഹിന്ദിയിലോട്ടോ തർജമ ചെയ്യും. തിരക്കിനിടയിൽ ബന്ധുക്കളെ നഷ്ടപ്പെടുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേകം സ്ഥലമൊരുക്കിക്കഴിഞ്ഞു. ഏകദേശം 100 കിടക്കകൾ സഹിതമുള്ള സൗകര്യം ഇവിടെയുണ്ട്. ബന്ധുക്കളെ കണ്ടെത്തുന്നതുവരെ കുട്ടികൾക്ക് സമയം ചെലവഴിക്കാനുള്ള കളിപ്പാട്ടങ്ങളും കേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഈ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ സംഘം ഭക്തർക്ക് മാനസിക പിന്തുണയും കൗൺസിലിംഗ് സേവനങ്ങളും ഉറപ്പാക്കും. കേന്ദ്രത്തിൽ രജിസ്‌ട്രേഷനായി പത്ത് പേർ എപ്പോഴും ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സഹായത്തിനായി ഒരു പൊലീസ് ഡെസ്‌കിനൊപ്പം ഒരു റീയൂണിയൻ ഡെസ്‌ക്കും സ്ഥാപിച്ചിട്ടുണ്ട്. ആരെങ്കിലും വഴിതെറ്റുകയാണെങ്കിൽ, ബന്ധുക്കൾക്ക് ഇവരെ ഇവരെ കണ്ടെത്തുന്നതിനായി രജിസ്‌ട്രേഷൻ കേന്ദ്രങ്ങൾ പ്രാദേശിക പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടും. കണ്ടെത്തിക്കഴിഞ്ഞാൽ, പൊലീസ് അവരുടെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം സുരക്ഷിതമായി വ്യക്തിയെ ബന്ധുക്കളോടൊപ്പം അയക്കും. ജനുവരി 13 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള നടക്കുന്നത്.















