സിനിമാ റിവ്യൂവിലൂടെ മലയാളികൾക്ക് സുപരിചിതനായ ആളാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സന്തോഷ് വർക്കി പലപ്പോഴും ചില വിവാദങ്ങളിലും ഉൾപ്പെട്ടിരുന്നു. അടുത്തിടെ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതം ആറാട്ടണ്ണൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് യുവാവിൽ നിന്നും ദുരനുഭവം നേരിട്ടിരുന്നുവെന്നും അതിന് ശേഷമാണ താൻ ഇൻട്രോ വേർട്ടായതെന്നും അദ്ദേഹം പറയുന്നു.
നല്ലവണ്ണം പഠിക്കുന്ന കുട്ടിയായിരുന്നു. 90 ശതമാനത്തിലധികം മാർക്ക് വാങ്ങിയാണ് പത്താം ക്ലാസ് പാസായത്. കണക്കിൽ ഫുൾ മാർക്കായിരുന്നു. പ്രോഡിഗ്രി മാത്സിലായിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ പേടി കൊണ്ട് പറഞ്ഞില്ല.
ഞങ്ങളുടെ കുടുംബ അക്കാദമിക് ഓറിയന്റഡ് ആണ് . അച്ഛൻ എഞ്ചിനീയറായിരുന്നു. അമ്മ പോസ്റ്റ് ഗ്രാജേറ്റും. ഇന്ന് അമ്മയ്ക്ക് വേണ്ടിയാണ് ഞാനിവിടെ നിൽക്കുന്നത്. രണ്ട് സഹോദരിമാരാണ് ഉള്ളത്. മൂത്തയാൾ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പഠിച്ച് യുഎസിൽ ഡോക്ടറായി ജോലി ചെയ്യുന്നു. അവരുടെ ഭർത്താവ് സയന്റിസ്റ്റാണ്. രണ്ടാമത്തെ സഹോദരി ബാംഗ്ലൂരിലാണ്. പുള്ളിക്കാരി മൈക്രോസോഫ്റ്റിലാണ്. എനിക്ക് വേണമെങ്കിൽ യൂറോപ്പിലേയ്ക്ക് പോകാം. എന്നാൽ എല്ലാം മാറ്റിവച്ചത് അമ്മയ്ക്ക് വേണ്ടിയാണ്. ഐഐടി ബോംബെയിൽ അഡ്മിഷൻ ലഭിച്ചതായിരുന്നു. അതുപോലും മാറ്റിവച്ചത് അമ്മയ്ക്കുവേണ്ടിയാണ്.
ഞാൻ വൈറലായത് ഫെബ്രുവരി 18 നാണ്. പിന്നാലെ മാർച്ച് 30ന് അച്ഛൻ മരിച്ചു. അതുകൊണ്ട് ആ സമയത്ത് പ്രശസ്തി ആസ്വദിച്ചിട്ടില്ല. ഒരു കാലം വരെ ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. 99 ൽ ഒരു പയ്യൻ സെക്ഷ്വഷലി അബ്യൂസ് ചെയ്തു. തുടർന്നാണ് ഇൻട്രോവർട്ട് ആയത്. പിന്നീട് കണ്ടപ്പോൾ മാപ്പ് ചോദിച്ചുവെന്നും താൻ ക്ഷമിച്ചുവെന്നും സന്തോഷ് വർക്കി പറയുന്നു.















