കാഠ്മണ്ഡു: എൻജിന് തീപിടിച്ചതിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി വിമാനം. 76 യാത്രക്കാരുമായി പോയ വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. കാഠ്മണ്ഡുവിലെ വിമാനത്താവളത്തിൽ എയർക്രാഫ്റ്റ് ഇറക്കി, യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. നേപ്പാളിന്റെ ‘ബുദ്ധ എയർ’ ഫ്ലൈറ്റിലാണ് അപകടമുണ്ടായത്.
കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര എയർപോർട്ടിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നാണ് വിവരം. കാഠ്മണ്ഡുവിൽ നിന്ന് ഭദ്രാപൂരിലേക്ക് പുറപ്പെട്ട ഫ്ലൈറ്റ് നമ്പർ 953 ആണ് ത്രിഭുവൻ എയർപോർട്ടിലിറക്കിയത്. സാങ്കേതിക തകരാറുണ്ടെന്ന് മനസിലാക്കിയ വിമാന ജീവനക്കാർ ഉടൻ തന്നെ വിമാനം വന്നവഴി തന്നെ തിരിച്ചുവിടുകയായിരുന്നു. ബുദ്ധ എയറിന്റെ ടെക്നിക്കൽ ടീം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കയറ്റി ഭദ്രാപൂരിലേക്ക് എത്തിക്കുമെന്ന് ബുദ്ധ എയർ അറിയിച്ചു.















