ചെന്നൈ: നിഗൂഢതകളുടെ ചുരുളഴിയിക്കാൻ താത്പര്യമുള്ളവരാണോ നിങ്ങൾ? വിശദീകരണമില്ലാത്ത കാര്യങ്ങൾ പരിച്ഛേദിക്കാൻ ഇഷ്ടപ്പെടുന്നവരാണോ? പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും ദുർഗ്രാഹ്യമായ വസ്തുതകൾ വ്യാകരിക്കാനും കഴിയുമെങ്കിൽ ഒരുപക്ഷെ നിങ്ങളെ കാത്തിരിക്കുന്നത് 8.57 കോടി രൂപയാണ്.
തമിഴ്നാട് സർക്കാരിന്റെ ഈ ഭീമൻ സമ്മാനത്തുക നേടാൻ..
നൂറ്റാണ്ടിലേറെ കാലമായി നിഗൂഢമായി തുടരുന്ന ചില കണ്ടെത്തലുകളുണ്ട്. അതിലൊന്നാണ് സിന്ധു നദീതട സംസ്കാരവുമായി ബന്ധപ്പെട്ട ചില പുരാലിഖിതങ്ങൾ. ഇവയെന്താണെന്ന് കണ്ടെത്തി ലിപിയുടെ കുരുക്കഴിക്കുന്നവർക്കാണ് സമ്മാനം.
സിന്ധുനദീതട നാഗരികതയുടെ ലിപികൾ ചിലത് ഇപ്പോഴും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ നാഗരികതയുടെ ഭാഷയ്‌ക്ക് ദ്രാവിഡ ബന്ധമുണ്ടെന്നും
തമിഴ് സംസ്കാരവുമായുള്ള ബന്ധം കണ്ടെത്തേണ്ടതുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി സ്റ്റാലിൻ സമ്മാനത്തുക (ഒരു ദശലക്ഷം യുഎസ് ഡോളർ) പ്രഖ്യാപിച്ചത്. സിന്ധു നദീതട സംസ്കാരം കണ്ടെത്തിയതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ചടങ്ങിലാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനം.
ഇന്നത്തെ ഇന്ത്യ-പാകിസ്താൻ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പല മേഖലകളിലും നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന സംസ്കാരമാണ് സിന്ധു നദീതട സംസ്കാരമെന്ന് വിശേഷിപ്പിക്കുന്നത്. വെങ്കലയുഗത്തിൽ ബി.സി. 3300 മുതൽ ബി.സി. 1500 വരെയുള്ള കാലത്താണ് ഈ സംസ്കാരം നിലനിന്നിരുന്നതെന്ന് ഗവേഷകർ പറയുന്നു. ഇവിടെ നിന്നുകണ്ടെത്തിയ ചില ഭാഷകൾ ഇപ്പോഴും മനസിലാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ചിത്രലിപിയിലും മറ്റുമായി കുറിച്ചിട്ടുള്ള ഈ സ്ക്രിപ്റ്റ് ഡീകോഡ് ചെയ്തെടുക്കാനുള്ള ശ്രമം കാലങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനമുണ്ടായത്.