ആലപ്പുഴ: ആകാശത്ത് വട്ടമിട്ടു പറന്ന കൃഷ്ണപ്പരുന്തിനെ സാക്ഷി നിർത്തി ഭക്തി നിർഭരമായ അന്തരീക്ഷത്തില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ തിരുനടയില്‍ നിന്ന് എരുമേലി പേട്ടതുള്ളലിനായി അമ്പലപ്പുഴ സംഘം പുറപ്പെട്ടു. ഇന്ന് രാവിലെ പുലര്‍ച്ചെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നാണ്സംഘം മല കയറാന്‍ യാത്രയായത്. സംഘം രക്ഷാധികാരി കളത്തില്‍ ചന്ദ്രശേഖരനാണ് സംഘത്തെ യാത്രയാക്കിയത്. ശരണം വിളികളുടെ അകമ്പടിയോടെയുള്ള ഈ യാത്രയിൽ മകരവിളക്ക് ദർശനവും ഉണ്ട്. ഞായറാഴ്ച രാത്രിയോടെ അയ്യപ്പന്മാര്‍ ഇരുമുടിക്കെട്ടുനിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിലെത്തിയിരുന്നു.
സമൂഹപ്പെരിയോന്‍ എന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ 10 ദിവസത്തെ യാത്രയാണ് നടത്തുന്നത്.പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വര്‍ണത്തിടമ്പ് ക്ഷേത്രത്തില്‍ പൂജിച്ച ശേഷം ക്ഷേത്രം മേല്‍ശാന്തി കണ്ണമംഗലം കേശവന്‍ നമ്പൂതിരി സമൂഹപ്പെരിയോനു കൈമാറി. പ്രത്യേകം തയ്യാറാക്കിയ അലങ്കരിച്ച രഥത്തിലാണ് തിടമ്പു കൊണ്ടുപോകുന്നത്. 35 മാളികപ്പുറങ്ങള്‍ ഉള്‍പ്പെടെ 250 ഭക്തര്‍ യാത്രയെ അനുഗമിക്കും.
അമ്പലപ്പുഴയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ ക്ഷേത്രങ്ങളില്‍ ആദ്യദിനത്തില്‍ സംഘം ദര്‍ശനം നടത്തും. മല്ലശ്ശേരി മഹാദേവക്ഷേത്രത്തിലാണ് ഇന്ന് ഉച്ചഭക്ഷണം. ശേഷം തകഴി ധര്‍മശാസ്താ ക്ഷേത്രത്തിലാണ് വിരിവെക്കല്‍. രണ്ടാം ദിനമായ നാളെ രാവിലെ 7.30-നു യാത്ര തുടങ്ങും. ഉച്ചഭക്ഷണം ആനപ്രമ്പാല്‍ ക്ഷേത്രത്തിലാണ്. കവിയൂർ മഹാദേവർ ക്ഷേത്രത്തില്‍ വിരിവെക്കല്‍. മൂന്നാം ദിവസം മണിമല ക്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കും. വിരിവെക്കലും മണിമലക്കാവ് ദേവീക്ഷേത്രത്തില്‍ തന്നെ .
ഒന്‍പതിന് മണിമലക്കാവില്‍ ആഴിപൂജ നടത്തും. പത്താംതീയതി സംഘം എരുമേലിയിലെത്തും. പകല്‍ 11-നാണ് പേട്ടതുള്ളല്‍. ചായം പൂശി പച്ചില തൂപ്പുകളും ശരക്കോലും കയ്യിലേന്തിയാണ് പേട്ടതുള്ളുന്നത്. 12 മണിയോടെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്തിനെ ദര്‍ശിക്കുന്നതോടെ തിടമ്പ് പൂജിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് പേട്ട തുള്ളല്‍ ആരംഭിക്കും.















