കോഴിക്കോട്: ക്വാറി ക്രഷറിൽ നിന്നും കല്ല് തെറിച്ച് വീണ് ഗർഭിണിക്ക് പരിക്ക്. കോഴിക്കോട് വാലില്ലാപുഴയിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. വാലില്ലാപുഴ സ്വദേശി ഫർബിനക്കാണ് പരിക്കേറ്റത്.
വീട്ടിലെ മുറിയിൽ കിടക്കുകയായിരുന്നു ഫർബിന. വീടിന് സമീപത്തായി പ്രവർത്തിക്കുന്ന ക്രഷറിൽ നിന്നാണ് കല്ല് തെറിച്ച് വീണത്. വീടിന്റെ ഓട് തകർത്ത് ഫർബിനയുടെ ദേഹത്തേക്ക് കല്ല് പതിക്കുകയായിരുന്നു.
പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലനാരിഴയ്‌ക്കാണ് വൻ അപകടം ഒഴിവായതെന്ന് ബന്ധുക്കൾ പറഞ്ഞു. മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്നും യാതൊരു സുരക്ഷിതത്വവും ഉറപ്പാക്കാതെയാണ് ക്രഷർ പ്രവർത്തിക്കുന്നതെന്നും ബന്ധുക്കൾ ആരോപിച്ചു.