ബിജാപൂർ: സൈനിക വാഹനവ്യൂഹത്തിന് നേരെ മാവോയിസ്റ്റ് ഭീകരരുടെ ആക്രമണം. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം ഐഇഡി ഉപയോഗിച്ച് തകർത്തുവെന്നാണ് റിപ്പോർട്ട്. ബിജാപൂരിലെ ബെദ്രെ-കുത്രു റോഡിലാണ് സംഭവം.
ജില്ലാ റിസർവ് ഗാർഡ് (DRG) ഉദ്യോഗസ്ഥരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ഒമ്പത് പേർക്ക് ജീവൻ നഷ്ടമായെന്നാണ് വിവരം. ഐജി ബസ്തറാണ് ഇക്കാര്യമറിയിച്ചത്. ദന്തേവാഡ DRG ജവാൻമാരായ എട്ട് പേർക്കും വാഹനമോടിച്ചിരുന്ന ഡ്രൈവറിനും ജീവൻ നഷ്ടപ്പെട്ടതായി അദ്ദേഹം അറിയിച്ചു. ദന്തേവാഡ, നാരായൺപൂർ, ബിജാപൂർ എന്നിവിടങ്ങളിൽ സംയുക്ത ഓപ്പറേഷൻ കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ഉദ്യോഗസ്ഥരാണ് ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത്.