100 രൂപ ‘കൊടുത്താൽ’ എത്ര രൂപകിട്ടും? എത്ര രൂപ വേണമെങ്കിലും കിട്ടാമെന്ന് വ്യക്തമാക്കുന്ന സംഭവമാണ് ലണ്ടനിലെ ഓക്ഷൻ വേദിയിൽ ഉണ്ടായത്. യുകെയിൽ നടന്ന ലേലത്തിൽ ഇന്ത്യൻ കറൻസിയായ 100 രൂപ വിറ്റുപോയത് 56 ലക്ഷം രൂപയ്‌ക്കായിരുന്നു. HA 078400 എന്ന സീരിസിലുള്ള നോട്ടാണ് ലക്ഷക്കണക്കിന് രൂപയ്‌ക്ക് വിറ്റുപോയത്. 1950 കാലത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ ഈ നോട്ടിന് സവിശേഷതകൾ ഏറെയാണ്. 100 രൂപയുടെ ഇന്ത്യൻ കറൻസി അങ്ങ് ലണ്ടനിൽ അരക്കോടിയിലധികം രൂപ (56,49,650) വാരിക്കൂട്ടിയത് എങ്ങനെയാണെന്ന് നോക്കാം..
ലേലത്തിൽ വിറ്റുപോയ ആ 100 രൂപ നോട്ട്..
ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർത്ഥാടനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്ക് പോയിരുന്ന ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ആർബിഐ പുറത്തിറക്കിയിരുന്ന ഹജ്ജ് നോട്ടാണ് (Haj Notes) ലേലത്തിൽ അരക്കോടി സമ്പാദിച്ചത്. ഹജ്ജ് നോട്ട് ഇന്ത്യയിൽ ഉത്പാദിപ്പിച്ചിരുന്നതിനും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. സാധാരണയായി രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കറൻസി നോട്ടുകൾ ഉപയോഗിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് അനധികൃതമായി വസ്തുക്കൾ വാങ്ങുകയും അതിനായി പണമിടപാടുകൾ നടത്തുകയും ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഹജ്ജ് നോട്ടുകൾ ആർബിഐ പുറത്തിറക്കിയത്.
ചില ഗൾഫ് രാജ്യങ്ങളിൽ മാത്രമായിരുന്നു ഹജ്ജ് നോട്ടുകൾ കൈമാറാൻ സാധിക്കുക. യുഎഇ, ഖത്തർ, ബഹ്റെയ്ൻ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിൽ ഹജ്ജ് നോട്ടുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കുമായിരുന്നു. അക്കാലത്ത് ഈ നോട്ടുകൾ ഇന്ത്യയിൽ സാധുവല്ലായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. 1970കളോടെ ഇതിന്റെ അച്ചടി ഏതാണ്ട് അവസാനിക്കുകയും ചെയ്തിരുന്നു. ഇന്ന് ഈ നോട്ടുകൾ കണ്ടുകിട്ടാൻ പോലും പ്രയാസമായ സാഹചര്യത്തിലാണ് ഇതിന്റെ മൂല്യം വർദ്ധിച്ചത്. ഇക്കാലത്ത് ഹജ്ജ് നോട്ടുകൾ കൈവശമുള്ളവർക്ക് ലക്ഷപ്രഭുക്കളാകാനുള്ള അവസരമുണ്ടെന്ന് ചുരുക്കം.
ഹജ്ജ് നോട്ടിന് നിരവധി പ്രത്യേകതകൾ ഉണ്ടായിരുന്നു. നോട്ടിന്റെ സീരീസ് നമ്പർ HA എന്ന പ്രിഫിക്സിൽ മാത്രമാണ് തുടങ്ങുക. മറ്റൊന്ന് ഇതിന്റെ നിറമാണ്. അന്നത്തെ കാലത്തെ ഇന്ത്യൻ നോട്ടുകൾക്ക് പൊതുവെ ഇല്ലാതിരുന്ന ഒരു പ്രത്യേക നിറമായിരുന്നു ഹജ്ജ് നോട്ടിന് നൽകിയിരുന്നത്. 1961 കാലത്ത് കുവൈത്ത് സ്വന്തമായി കറൻസി അച്ചടിക്കാൻ തുടങ്ങിയതോടെ മറ്റ് ഗൾഫ് രാജ്യങ്ങളിലും കറൻസി നിലവിൽ വരാൻ തുടങ്ങി. ഇതിന് പിന്നാലെയാണ് ഹജ്ജ് നോട്ടുകളുടെ ഉത്പാദനം ഇന്ത്യയിൽ നിർത്തലാക്കിയത്.
ലണ്ടനിൽ നടന്ന മറ്റൊരു ലേലത്തിൽ രണ്ട് 10 രൂപാ നോട്ടുകൾക്ക് 6.90 ലക്ഷം രൂപ, 5.80 ലക്ഷം രൂപ എന്നിങ്ങനെ ലഭിച്ചിരുന്നു. നോട്ടുകളുടെ കാലപ്പഴക്കവും വിരളതയുമാണ് അവയുടെ മൂല്യം വർദ്ധിപ്പിക്കുന്നത്.