മലയാളിയുടെ അടുക്കളയിൽ സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള പ്രാധാന്യമേറെയാണ്. മഞ്ഞുകാലമായാൽ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കണമെന്നാണ് പറയാറുള്ളത്. ശരീരത്തിന് ചൂട് നൽകാൻ സുഗന്ധവ്യഞ്ജനങ്ങൾക്ക് കഴിയുന്നു. കറുവപ്പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ മുഴുവൻ സുഗന്ധവ്യഞ്ജനങ്ങൾക്കും തണുപ്പുകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഔഷധ ഗുണങ്ങളുണ്ട്. ദഹനം മെച്ചപ്പെടുത്താനും ജലദോഷം, ചുമ, പനി തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ് പലപ്പോഴും ഇത്തരം സുഗന്ധവ്യഞ്ജനങ്ങൾ.
കറുവപ്പട്ടയും ഇഞ്ചിയും രക്തയോട്ടം മെച്ചപ്പെടുത്തി ശരീരത്തിന് ചൂട് നൽകുന്നു. കുരുമുളകും ഗ്രാമ്പൂവും തൊണ്ടവേദന ശമിപ്പിച്ച് ബാക്ടീരിയകളിൽ നിന്ന് സംരക്ഷണമേർപ്പെടുത്തുന്നു. ദഹനത്തിന് ഏലയ്‌ക്ക് നല്ലതാണ്. സുഗന്ധ വ്യഞ്ജനങ്ങൾ പതിവാക്കുന്നത് ജലദോഷത്തെ ചെറുക്കാൻ സഹായിക്കുന്നു. ഇത്രയേറെ ഗുണങ്ങളുണ്ടെങ്കിലും ശൈത്യകാലത്ത് ഇവ അമിതമായി കഴിക്കുന്നത് അത്ര നന്നല്ല. സുഗന്ധവ്യഞ്ജനങ്ങൾ അധികമായാലും പ്രശ്നമാണ്..
* ദഹനം മോശമാകുന്നതാണ് പ്രധാന കാരണം. കുരുമുളകും ഗ്രാമ്പൂവുമാണ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. എന്നാൽ അമിത ഉപഭോഗം ഗ്യാസ്, ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവയ്‌ക്ക് കാരണമാകും.
* ശരീരത്തിലെ താപനില വർദ്ധിക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇഞ്ചിയും കറുവപ്പട്ടയുമാണ് താപനില കൂട്ടുന്നത്. അമിത ചൂട് ചർമപ്രശ്നങ്ങൾക്ക് കാരണമാകും. ചുണങ്ങ്, ചൊറിച്ചിൽ, അമിതമായ വിയർപ്പ് എന്നിവയ്‌ക്കും കാരണമാകും. എരിവുള്ള ഭക്ഷണം അമിതമാക്കുന്നത് ചർമ പ്രശ്നങ്ങൾ വഷളാക്കാൻ കാരണമാകും.
* രക്തസമ്മർദ്ദം വർദ്ധിക്കാനും കാരണമാകുന്നു. കറുവപ്പട്ട, കുരുമുളക് എന്നിവയാണ് ഇവിടെ വില്ലനാകുന്നത്. രക്തസമ്മർദ്ദമുള്ളവർ ഇവ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. ഹൃദയത്തിന്റെ ആരോഗ്യത്തിനും ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിനും ഇത് കാരണമാകും.
* സുഗന്ധവ്യഞ്ജനങ്ങൾ അമിതമായാൽ ചർമത്തിൽ അലർജി ഉണ്ടാകാനും സാധ്യതയുണ്ട്. ഇഞ്ചി, കറുവാപ്പട്ട, ഏലം എന്നിവയുടെ അമിത ഉപയോഗം തൊണ്ടവേദന, ചർമ്മ തിണർപ്പ് , ശ്വസന പ്രശ്നങ്ങൾ എന്നിവയ്‌ക്ക് കാരണമാകും.
* ഗർഭകാലത്ത് എല്ലാ തരത്തിലുള്ള എരിവും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിക്കാതിരിക്കുക. ഗ്യാസ്, ദഹനക്കോട് പോലുള്ള പ്രശ്നങ്ങൾക്ക് സാധ്യതയേറെയാണ്. എരിവ് ഗർഭാശയത്തിന്റെ സങ്കോചം വർദ്ധിപ്പിക്കും. അതിനാൽ തന്നെ എരിവുള്ള ഭക്ഷണങ്ങളും മറ്റും ഗർഭകാലത്ത് ഒഴിവാക്കണം. ഇക്കാരണങ്ങളാൽ തന്നെ വളരെ കുറച്ച് അളവിൽ മാത്രമേ സുഗന്ധവ്യഞ്ജനങ്ങൾ കഴിക്കാവൂ.















