ഇൻഡോർ: നഗരത്തെ ഭിക്ഷാടകമുക്തമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി ആവിഷ്കരിച്ച പുത്തൻ പദ്ധതി വിജയകരം. ഭിക്ഷാടകരെക്കുറിച്ച് വിവരം നൽകുന്നവർക്ക് ആയിരം രൂപ സമ്മാനത്തുക നൽകുന്ന പദ്ധതിയാണിത്. യാചക നിരോധന ഉത്തരവ് പുറപ്പെടുവിച്ച് ഏതാനും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് ഭരണകൂടം അറിയിച്ചു.
രാജ്യത്തെ 10 നഗരങ്ങളെ ഭിക്ഷാടന വിമുക്തമാക്കാനുള്ള പരീക്ഷണ പദ്ധതിക്ക് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഇൻഡോറിലും പദ്ധതി അവതരിപ്പിച്ചത്. ഭിക്ഷാടനത്തെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ജനുവരി 2-നായിരുന്നു ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. യാചകരെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്‌ക്കാൻ പ്രത്യേക മൊബൈൽ നമ്പറും നൽകിയിരുന്നു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇരുന്നൂറോളം പേർ വിളിച്ചതായും 12 പേർ നൽകിയ വിവരങ്ങൾ അന്വേഷണത്തിൽ ശരിയാണെന്ന് കണ്ടെത്തിയതായും ജില്ലാ കളക്ടർ ആശിഷ് സിംഗ് അറിയിച്ചു. വിവരം കൈമാറിയവരിൽ ആറുപേർക്ക് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിൽ വച്ച് 1,000 രൂപ വീതം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡോറിൽ ഭിക്ഷാടനം നടത്തിയിരുന്ന 400 പേരെയാണ് കഴിഞ്ഞ നാല് മാസത്തിനിടെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചത്. ഇതിൽ 64 കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റിയിരുന്നു. ഭിക്ഷാടനത്തിനെതിരായ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത സെക്ഷൻ 223 പ്രകാരം കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു വർഷം വരെ തടവോ 5,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തുക. ഭിക്ഷാടകർക്ക് പണം നൽകുന്നതും ആഹാര സാധനങ്ങൾ വാങ്ങി നൽകുന്നതുമുൾപ്പടെ നിരോധിച്ചുകൊണ്ടാണ് ഭരണകൂടം ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ഖ്യാതി നേടിയിട്ടുള്ള ഇടമാണ് ഇൻഡോർ. ഇവിടം യാചകമുക്തമായാൽ നഗരത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും.















