കായംകുളം: ശ്രീനാരായണ ഗുരുവിനെ സനാതന ധർമ്മത്തിന്റെ ഏറ്റവും വലിയ പ്രചാരകനായിട്ടാണ് കണക്കാക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗുരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. പക്ഷെ, ശ്രീനാരായണ ഗുരുദേവൻ കേവലം ഒരു സാമൂഹ്യ പരിഷ്‌കർത്താവ് മാത്രമല്ല. ഭാരതത്തിലെ കോടാനുകോടി ജനങ്ങൾ ശ്രീനാരായണ ഗുരുദേവനെ ദൈവമായും സന്യാസിയായും ഒക്കെയായിട്ടാണ് കണക്കാക്കുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
കായകുളത്ത് വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് എത്തിയവർക്ക് സ്വീകരണവും, ജനമുന്നേറ്റ സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ. ലോകം മുഴുവൻ സനാതന ധർമ്മത്തിന്റെ സന്ദേശം എത്തിച്ച ആളാണ് ഗുരുദേവൻ.
നാരാണൻ എന്ന് മാത്രമേ ഇഎംഎസ് ഗുരുദേവനെ വിളിച്ചിട്ടുള്ളൂ. ശ്രീനാരായണൻ എന്ന് പോലും വിളിച്ചിട്ടില്ല. നാരായണൻ നവോത്ഥാനത്തിന്റെ വക്താവല്ല, നാരായണൻ കേരളത്തെ നൂറ്റാണ്ടുകൾ പിറകോട്ട് നയിച്ച ആളാണ് എന്ന് പറഞ്ഞ് ആക്ഷേപിച്ച ആളാണ് ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്. പിണറായിയും അത് തന്നെയാണ് ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ഗുരുദേവൻ നടത്തിയ പരിശ്രമങ്ങളെ അവമതിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ മുൻപിൽ പോയി കുമ്പിടാൻ മടിയില്ല. നിരോധിത ഭീകരവാദ സംഘടനയുമായി സഖ്യമുണ്ടാക്കാനും കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ആരോപണ വിധേയനായ വ്യക്തിക്കൊപ്പം വേദി പങ്കിടാനും പിണറായിക്കും സിപിഎമ്മിനും മടിയില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
പച്ചയായ വർഗീയത ഓരോ തെരഞ്ഞെടുപ്പിലുംകാണിക്കുന്ന പാർട്ടിയാണ് സിപിഎം. വർഗീയതയാണ് നിങ്ങളുടെ അവസാനത്തെ ആയുധം. മാറി മാറി ഓരോ തെരഞ്ഞെടുപ്പിലും വർഗീയത ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ശിവഗിരി തീർത്ഥാടന സമ്മേളനത്തിലായിരുന്നു ശ്രീനാരായണ ഗുരു സനാതന
ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ലെന്നും സനാതന ധർമ്മത്തെ വെല്ലുവിളിക്കാനാണ് ഗുരു ശ്രമിച്ചതെന്നും പിണറായി പറഞ്ഞത്. ഇതിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അതേ വേദിയിൽ മറുപടി നൽകിയിരുന്നു. പിണറായി വിജയന്റെ വാക്കുകൾക്കെതിരെ ഹിന്ദു സന്യാസിമാരും ആത്മീയ ആചാര്യൻമാരുമുൾപ്പെടെ വലിയ പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.