തവനൂർ: ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ അറസ്റ്റിലായ തന്നെ പാർപ്പിച്ച തവനൂർ സെൻട്രൽ ജയിലിലെ അവസ്ഥ വളരെ മോശമെന്ന് പി.വി അൻവർ എംഎൽഎ. ജയിലിൽ നിന്ന് പുറത്തെത്തിയ അൻവർ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് ജയിലിലെ അവസ്ഥ വിവരിച്ചത്.
എംഎൽഎ എന്ന നിലയിൽ കിട്ടേണ്ട ഒരു പരിഗണനയും കിട്ടിയിട്ടില്ല. കഴിക്കാൻ പറ്റുന്ന ഭക്ഷണമല്ല തന്നത്. രാവിലെ ഒരു ചായ കുടിച്ചു ഒരു കഷ്ണം ചപ്പാത്തിയും കഴിച്ചു. ഉച്ചയ്‌ക്ക് കൊണ്ടുവന്ന ഭക്ഷണം കഴിച്ചില്ലെന്നും പി.വി അൻവർ പറഞ്ഞു.
ഒരു കട്ടിൽ അല്ലാതെ വേറൊന്നും കിട്ടിയില്ല. പിടലി വേദനയുണ്ട്, തലകറക്കവും അതിനാണ് തലയിണ ചോദിച്ചത്. ഇന്നലെ രാത്രി മുതൽ വൈകിട്ട് വരെ ചോദിച്ചിട്ട് കിട്ടിയില്ലെന്ന് അൻവർ പറഞ്ഞു. ഒറ്റയ്‌ക്കായിരുന്നു പാർപ്പിച്ചതെന്നും അൻവർ പറഞ്ഞു. ഒരു എംഎൽഎയ്‌ക്ക് ജയിലിൽ ലഭിക്കേണ്ട പരിഗണനയെക്കുറിച്ച് പഠിച്ചിട്ട് അതേക്കുറിച്ച് പ്രതികരിക്കുമെന്നും അൻവർ പറഞ്ഞു.
വനവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ് നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് അൻവറും ഡിഎംകെ പ്രവർത്തകരും അടിച്ചു തകർത്തത്. ഈ സംഭവത്തിലാണ് ഇന്നലെ രാത്രി അൻവറിനെ അറസ്്റ്റ് ചെയ്തത്. തുടർന്ന് രാത്രി 11.30 ഓടെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു. മഞ്ചേരി സബ് ജയിലിലേക്കാണ് അൻവറിനെ മാറ്റുകയെന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ പിന്നീട് തവനൂർ സെൻട്രൽ ജയിലിലേക്കാണ് അയച്ചത്.
നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാത്രി 8.30 ഓടെ അൻവർ ജയിലിന് പുറത്തിറങ്ങിയത്.