തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലെ സ്ഥലംമാറ്റ ഉത്തരവിന് പുല്ലുവില നൽകി ഭരണാനകൂല സംഘടനകളിലെ നേതാക്കൾ. പുതിയ സ്ഥലങ്ങളിൽ ജോയിൻ ചെയ്യേണ്ട സമയമായിട്ടും സ്ഥലം മാറ്റം ലഭിച്ച നേതാക്കളായ ജീവനക്കാർ പഴയ സ്ഥലം ഉപേക്ഷിക്കാൻ തയ്യാറായിട്ടില്ല.
സ്ഥലം മാറ്റ ഉത്തരവ് എല്ലാവരും അനുസരിക്കണമെന്ന് എംഡി ഹർഷിത അട്ടല്ലൂരി നിർദ്ദേശം നൽകിയിട്ടും നേതാക്കൾ ഗൗനിച്ചിട്ടില്ല. ഞാൻ പോകില്ല, വേണമെങ്കിൽ എംഡി മാറട്ടെ എന്നായിരുന്നു ഒരു നേതാവിന്റെ നിലപാടെന്നാണ് ജീവനക്കാർക്കിടയിലെ സംസാരം. മന്ത്രിയുടെ സ്വാധീനം ഉപയോഗിച്ച് ബെവ്‌കോ ആസ്ഥാനത്ത് തന്നെ തുടരാനാണ് ഒരു നേതാവിന്റെ നീക്കം.
ബെവ്‌കോയിലെ സിഐടിയു, എഐടിയുസി സംസ്ഥാന നേതാക്കളാണ് ഭരണസ്വാധീനത്തിൽ സ്ഥലംമാറ്റ ഉത്തരവിനെ വെല്ലുവിളിച്ച് പഴയ കസേരകളിൽ തന്നെ തുടരുന്നത്. ഡിസംബർ 21 നും 24 നുമായി രണ്ട് ഉത്തരവുകളാണ് ഇറങ്ങിയത്. 21 ന് ഇറങ്ങിയ ഉത്തരവിൽ രണ്ട് പേർക്കായിരുന്നു സ്ഥലംമാറ്റം. 24 ന് ഇറങ്ങിയ ഉത്തരവിൽ ആറ് പേർക്കും സ്ഥലംമാറ്റം നൽകി.
ജില്ലയ്‌ക്ക് അകത്താണെങ്കിൽ 48 മണിക്കൂറിനുള്ളിലും ജില്ലയ്‌ക്ക് പുറത്താണെങ്കിൽ മൂന്ന് ദിവസങ്ങൾക്കുള്ളിലും ജോയിൻ ചെയ്യണമെന്നാണ് സർവ്വീസ് ചട്ടം. കോർപ്പറേഷൻ സിഎംഡി ഓഫീസിൽ ജോലി ചെയ്യുന്ന മാനേജർ കെ സുനേശൻ ആണ് സ്ഥലംമാറ്റം ലഭിച്ച ഒരാൾ. എഐടിയുസി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായ ഇയാൾക്ക് തിരുവല്ല വെയർഹൗസിലേക്ക് ആയിരുന്നു സ്ഥലംമാറ്റം.
സ്ഥലംമാറ്റിയ പാലക്കാട് വെയർഹൗസ് മാനേജർ ആർ കാർത്തികേയൻ സിഐടിയു സി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. റീജിണൽ ഓഫീസ് എൻ ഒന്നിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയത്. കോഴിക്കോട് വെയർഹൗസ് അസിസ്റ്റന്റ് മാനേജർ കെ റിജുവിനെ റീജിണൽ ഓഫീസ് രണ്ടിലേക്കും സ്ഥലം മാറ്റിയിരുന്നു.
തൃശൂർ, പാലക്കാട് ഡിഎറ്റികളിൽ നിന്നും തിരുവല്ല വെയർഹൗസിൽ നിന്നും സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരും പുതിയ സ്ഥലത്തേക്ക് പോകാൻ തയ്യാറായിട്ടില്ല. സ്ഥലം മാറ്റം ലഭിച്ച ചിലർക്കെതിരെ വ്യാപക ആരോപണങ്ങൾ ഉയർന്നിരുന്നതായും ഇതും സ്ഥലം മാറ്റത്തിന് കാരണമാണെന്നും ജീവനക്കാർ സൂചന നൽകുന്നു. രാഷ്‌ട്രീയ സ്വാധീനത്തിൽ വർഷങ്ങളായി ഈ സ്ഥലങ്ങളിൽ തുടർന്ന് വന്നവരാണിവർ.
അഞ്ച് മാനേജർമാരെയും ഒരു അസിസ്റ്റന്റ് മാനേജരെയും ഒരു യുഡി ക്ലർക്കിനെയും ഒരു അസിസ്റ്റന്റിനെയുമാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ ഏപ്രിലിൽ ഒരു വനിതാ നേതാവിനെയടക്കം സ്ഥലംമാറ്റിയപ്പോഴും അവർ ചുമതലയേറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇതും കോർപ്പറേഷനിലെ ജീവനക്കാർക്കിടയിൽ ചർച്ചയായിരുന്നു.