മടിക്കേരി : ടിബറ്റിന്റെ 14-ാമത് പരമോന്നത നേതാവ് ദലൈലാമ ഞായറാഴ്ച ബൈലക്കുപ്പ ടിബറ്റൻ അഭയാർത്ഥി ക്യാമ്പിലെത്തി. ഇനി ഒരു മാസം അദ്ദേഹം ഇവിടെ വിശ്രമ ജീവിതത്തിലായിരിക്കുമെന്നു അധികൃതർ അറിയിച്ചു. ക്യാമ്പിലെ തഷിലോംപോ ബുദ്ധക്ഷേത്രത്തിൽ ദലൈലാമ വിശ്രമിക്കും.
ബാംഗ്ലൂരിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഞായറാഴ്ച ഉച്ചയോടെയാണ് ദലൈലാമ ബൈലക്കുപ്പെയിലെ ടിഡിഎൽ സ്‌കൂൾ ഗ്രൗണ്ടിൽ എത്തിയത്. മൈസൂർ ജില്ലാ ഭരണകൂടത്തിന്റെയും ക്യാമ്പിന്റെയും പ്രതിനിധികൾ ദലൈലാമയെ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. ഹിമാചൽ പ്രദേശിലെ ധർമശാല ടിബറ്റൻ സെൻ്ററിലെ അതിശൈത്യത്തെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരമാണ് വിശ്രമത്തിനായി ബൈലക്കുപ്പയിൽ എത്തിയതെന്ന് ടിബറ്റൻ ക്യാമ്പ് പ്രതിനിധി ജിഗ്മെ സുൽത്താനിം പറഞ്ഞു.
അടുത്തിടെ അമേരിക്കയിൽ ചികിത്സയിലായിരുന്ന ദലൈലാമയോട് പൂർണ വിശ്രമം വേണമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ദക്ഷിണേന്ത്യയിലെ ബൈലക്കുപ്പയിൽ എത്തിയതെന്നാണ് അറിയുന്നത്. എട്ട് വർഷത്തിനിടെ 26-ാം തവണയാണ് ദലൈലാമ ബൈലക്കുപ്പെ ക്യാമ്പ് സന്ദർശിക്കുന്നത്. ഈ സന്ദർശന വേളയിൽ പൊതുപരിപാടികളൊന്നും ഉണ്ടാകില്ലെന്ന് വൃത്തങ്ങൾ സ്ഥിരീകരിച്ചു. മൈസൂരു ജില്ലാ പോലീസ് ദലൈലാമക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.















