കാസർകോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റത്തൂൺ മേൽപാലം അടുത്ത മാസം തുറക്കും. ദേശീയപാത 66 ന്റെ ഭാഗമായി കാസർകോടാണ് എഞ്ചിനീയറിംഗ് വിസ്മയം ഒരുങ്ങിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭാരത് മാല പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തലപ്പാടി മുതൽ ചെങ്കള വരെയുള്ള ആദ്യ റീച്ചിൽ പാലം നിർമിക്കുന്നത്.
കാസർകോട് നഗരത്തിന്റെ ഹൃദയഭാഗത്ത് കൂടി കടന്നു പോകുന്ന പാലത്തിന്റെ കോൺഗ്രീറ്റിംഗ് ജോലികൾ പൂർത്തിയായി. 1.2 കിമി നീളവും 27 മീറ്റർ വീതിയുമുള്ള പാലത്തിന് 29 സ്പാനുകളാണുളളത്. മൂന്ന് കമ്പാർട്ട്മെന്റുള്ള ബോക്സ് ഡിസൈനാണ് പാലത്തിന് നൽകിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പാലത്തിന്റെ നിർമ്മാണ കരാർ. കറന്തക്കാട് അഗ്നിരക്ഷ നിലയത്തിൽ തുടങ്ങി നുള്ളിപ്പാട് അയ്യപ്പക്ഷേത്രത്തിലാണ് പാലം അവസാനിക്കുന്നത്. പാലത്തിന് താഴെയുള്ള സർവ്വീസ് റോഡിലൂടെ ഇരുഭാഗത്തേക്കും യാത്ര ചെയ്യാം. മേൽപ്പാലത്തിന് താഴെയുള്ള സ്ഥലം പാർക്കിംഗിനായി ഉപയോഗിക്കാനും കഴിയും.
ഇരുഭാഗത്തും കോൺക്രീറ്റ് തൂണുകൾ ഉയർത്തിയാണ് സാധാരണ ഗതിയിൽ പാലങ്ങൾ നിർമിക്കാറുള്ളത്. എന്നാൽ ഇതിന് മധ്യത്തിൽ ഒറ്റത്തൂൺ മാത്രമുള്ളതാണ് പ്രത്യേകത. മനുഷ്യന്റെ നട്ടെല്ലും ചുമലും എന്നാണ് ഇത്തരം നിർമാണരീതിയെ വിശേഷിപ്പിക്കുന്നത്. സാധാരണ നിർമ്മിക്കുന്ന രണ്ട് തൂണുകളുടെതിനേക്കാൾ ചുറ്റളവിലാണ് ഒറ്റത്തൂൺ നിർമ്മി ച്ചിരിക്കുന്നത്.















