പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സ്വയംഭരണ സംവിധാനമായ സൈനിക് സ്കൂൾ സൊസൈറ്റി (എസ്.എസ്.എസ്) നിയന്ത്രിക്കുന്ന റെസിഡൻഷ്യൽ രീതിയിൽ നടത്തുന്ന രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ (ഇംഗ്ലീഷ് മീഡിയം) 2025-26 അധ്യയന വർഷത്തെ ആറ്, ഒൻപത് ക്ലാസുകളിലെ പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. exams.nta.ac.in/AISSEE/ എന്ന വെബ്സൈറ്റ് വഴി ജനുവരി 13-ന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാവുന്നതാണ്.
നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ നേവൽ അക്കാദമി, മറ്റ് പരിശീലന അക്കാദമികൾ എന്നിവയിലെ ഓഫീസർ എൻട്രികൾക്ക് വിദ്യാർത്ഥികളെ സജ്ജമാക്കുന്ന സിബിഎസ്ഇ അഫിലിയേഷനുള്ളവയാണ് സൈനിക് സ്കൂളുകൾ.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്നതാണ്. 2025 മാർച്ച് 31-ന് 10നും 12നും ഇടയിൽ ജനിച്ചവർക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്‌ക്ക് അപേക്ഷിക്കാം. ഒൻപതാം ക്ലാസ് പ്രവേശനം തേടുന്നവർ അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് ജയിച്ചിരിക്കണം. 13-നും 15-നും ഇടയിലായിരിക്കണം പ്രായം.
എൻടിഎ നടത്തുന്ന മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഓൾ ഇന്ത്യ സൈനിക് സ്കൂൾസ് എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് ഇരുവിഭാഗം സ്കൂളുകളിലെയും പ്രവേശനം. ഒഎംആർ ഷീറ്റ് അടിസ്ഥാനമാക്കിയാകും പരീക്ഷ. കേരളത്തിൽ എറണാകുളം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരീക്ഷകേന്ദ്രങ്ങൾ.
അപേക്ഷിക്കുമ്പോൾ നാല് പരീക്ഷ കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തെരഞ്ഞെടുത്ത് നൽകണം. പട്ടികവിഭാഗക്കാർക്ക് 650 രൂപയും മറ്റുള്ളവർക്ക് 800 രൂപയുമാണ് അപേക്ഷഫീസ്. കൂടുതൽ വിവരങ്ങൾക്കായി www.sainikschooltvm.edu.in സന്ദർശിക്കുക.















