പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ജനവാസമേഖലയോട് ചേർന്നുള്ള തേയില തോട്ടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്.
പാടഗിരിയിലെ തോട്ടത്തിൽ തേയില ചെടികൾക്കിടയിലൂടെ പുലി നടന്ന് നീങ്ങുകയായിരുന്നു. ഇന്നലെ വൈകീട്ട് നാട്ടുകാരാണ് പുലിയെ കണ്ടത്
വനംവകുപ്പ് തിരച്ചിൽ ആരംഭിച്ചുവെങ്കിലും ഇതുവരെ പുലിയെ കണ്ടെത്താനായില്ല.
ഇതിനു മുൻപ് 2024 മാർച്ചിലും നെല്ലിയാമ്പതിയിലെ ജനവാസ മേഖലയിൽ പുലി ഇറങ്ങിയിരുന്നു. പോബ്സൺ എസ്റ്റേറ്റിലായിരുന്നു അന്ന് പുലിയെ കണ്ടത്. എസ്റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്കു സമീപം വരെ എത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
2024 ഏപ്രിൽ മാസത്തിൽ നെല്ലിയാമ്പതിയില്‍ ജനവാസമേഖലയോട് ചേര്‍ന്ന് റോഡില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. കൂനംപാലത്താണ് തേയിലത്തോട്ടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ പുലിയുടെ ജഡം കണ്ടെത്തിയത്.
പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണ്. നിരവധി തവണ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആനയും പുലിയും ഇടയ്‌ക്കിടെ ജനവാസമേഖലയില്‍ ഇറങ്ങുന്നതിനെതിരെ നാട്ടുകാര്‍ നിരവധി തവണ പരാതി നല്‍കിയിട്ടുണ്ട്.















