കൊച്ചി: മോശം ആംഗിളിലുള്ള യൂട്യൂബേഴ്‌സിന്റെ വീഡിയോ ചിത്രീകരണത്തിനെതിരെ തുറന്നടിച്ച് നടി മാലാ പാർവ്വതി. തന്റെ മോശം ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യൂട്യൂബ് ചാനലിനെതിരെയും അതിൽ മോശം കമന്റിട്ട ആൾക്കെതിരെയും പരാതി നൽകിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.
ഏതൊക്കെ ആംഗിളിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് അറിയില്ല. പലപ്പോഴും സാരി ഉടുത്തായിരിക്കും പുറത്തുപോകുന്നത്. ഇതൊക്കെ എങ്ങനെ ഇവർ ഷൂട്ട് ചെയ്തുവെന്ന് തോന്നും. അത്രയും മോശമായിട്ടാണ് ചിത്രീകരിക്കുക. അതിന് ശേഷം അത് പ്രചരിപ്പിക്കുകയാണ്. അതിന്റെ താഴെ വരുന്ന കമന്റുകളും ആഘോഷവും വളരെ പ്രയാസമുണ്ടാക്കുന്നതാണ്. വിവരിക്കാൻ കഴിയില്ല.
ഹരീഷ് പേരടിയുടെ മകന്റെ വിവാഹത്തിന് പോയി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ചിത്രത്തിൽ ഇടത് സൈഡിൽ അഡീഷണൽ ഒരു വയറ് മോർഫ് ചെയ്ത് വെച്ചിരുന്നുവെന്നും മാലാ പാർവ്വതി പറഞ്ഞു. മോശം ദൃശ്യങ്ങൾ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ പരാതി നൽകിയ വാർത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഒരു ചാനലിന് നൽകിയ ടെലിഫോൺ പ്രതികരണത്തിൽ മാലാ പാർവ്വതി യൂട്യൂബേഴ്‌സിന്റെ അശ്ലീല ആംഗിളിലുള്ള വീഡിയോ ചിത്രീകരണത്തെ വിമർശിച്ചത്.
ഡിസംബർ രണ്ടിനാണ് വീഡിയോ ശ്രദ്ധയിൽപെടുന്നത്. നടികളും അബദ്ധങ്ങളും തലക്കെട്ടോടു കൂടിയ വീഡിയോയിൽ സിനിമയിൽ നിന്നുളള ഫോട്ടോകൾ തന്നെയാണ് ഉൾപ്പെടുത്തിയിരുന്നത്. പക്ഷെ പ്രത്യേകതരത്തിൽ ശരീരഭാഗങ്ങൾ പ്രൊജക്ട് ചെയ്യുന്ന തരത്തിൽ ഷൂട്ട് ചെയ്തതായിരുന്നു. അതിന്റെ താഴെ ടൈഗർ ടൈഗർ എന്നയാളാണ് കമന്റിട്ടത്. വളരെ മാനസീക ആഘാതം ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശം ആയിരുന്നു കമന്റിൽ ഉണ്ടായിരുന്നത്. അതാണ് പരാതി നേരിട്ട് നൽകിയതെന്ന് മാലാ പാർവ്വതി പറഞ്ഞു.
അന്ന് തന്നെ സൈബർ പൊലീസിന് ഇ മെയിൽ അയച്ചു. അത്രയും പോര എന്ന് തോന്നിയതുകൊണ്ട് നേരിട്ട് പരാതിയായി പോകണം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് തിരുവനന്തപുരത്ത് പോയി സൈബർ പൊലീസിന് പരാതി നൽകി മജിസ്‌ട്രേറ്റിന് മൊഴിയും നൽകിയതെന്ന് മാലാ പാർവ്വതി പറഞ്ഞു.