ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിൽ എടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. അറസ്റ്റിലായവർ സ്റ്റേഷൻ ജാമ്യം കിട്ടി പുറത്തിറങ്ങും പിന്നീട് പരാതി നൽകിയവർ കയറി ഇറങ്ങി നടക്കും അതാണ് സംഭവിക്കുന്നതെന്ന് ഭാഗ്യലക്ഷ്മി ജനം ടിവിയോട് പ്രതികരിച്ചു.
ബോബി ചെമ്മണ്ണൂർ സ്റ്റേജിൽ വെച്ച് അശ്ലീല പരാമർശം നടത്തിയപ്പോൾ ഹണി റോസ് പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. അന്ന് തന്നെ അതിന് ഉത്തരം നൽകിയിരുന്നെങ്കിൽ അയാൾ ഇത്രയും വളരില്ലായിരുന്നു. പിന്നീട് പല ഇന്റർവ്യൂവിലും അയാൾ അതേ വാക്ക് ആസ്വദിച്ച് ഉപയോഗിക്കുന്നുണ്ടായിരുന്നു.
നാല് ദിവസം മുമ്പ് ഹണി റോസിന് പ്രവോക്ക് ചെയ്യാൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടത്. കമന്റിട്ടയാൾക്കെതിരെ പരാതി കൊടുത്തപ്പോൾ പണക്കാരനായത് കൊണ്ടാണോ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകാത്തതെന്ന് പോസ്റ്റിൽ ചോദിച്ചിരുന്നു. വൈകിയാണെങ്കിലും നടപടിയിലേക്ക് കടന്നതിൽ സന്തോഷമുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
എല്ലാവിഭാഗം സ്ത്രീകളും സോഷ്യൽ മീഡിയ അറ്റാക്ക് അനുഭവിക്കുന്നുണ്ട്. സെലിബ്രേറ്റികളാണെങ്കിൽ എന്ത് ചെയ്താലും അതിന്റെ താഴെ വന്ന് അവന് തോന്നുന്ന രീതിയിൽ തെറികളും അശ്ലീല കമന്റ്സ് ഇടുന്ന പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറി. കേസ് ആര് കൊടുത്തോ അവർ കയറിയിറങ്ങി നടക്കേണ്ടി വരും. എന്റെ അനുഭവമാണിത്. കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടാൽ കാര്യം കഴിഞ്ഞു. കസ്റ്റഡിയിൽ എടുക്കുന്നത് വളരെ ചെറിയ സംഭവമായിട്ടെ കാണുന്നുള്ളൂ. വായിൽ തോന്നുന്ന കമന്റുകൾ വിളിച്ചു പറയാതിരിക്കാൻ ശക്തമായ നിയമവും നടപടിയുമുണ്ടാകണം. അതിന് വേണ്ടിയാണ് എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.