ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ വിയോഗത്തിന് പിന്നാലെ വിയറ്റ്നാം ട്രിപ്പിനുപോയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വിമർശിച്ച് മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. സ്വന്തം പാർട്ടിയിൽ നിന്നുള്ള മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ രാജ്യം മുഴുവൻ ദുഃഖാചരണം നടത്തുമ്പോൾ കോൺഗ്രസ് നേതാവ് എന്തുകൊണ്ടാണ് പുതുവർഷം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പോയതെന്ന് ശർമിഷ്ഠ ചോദിച്ചു.
“രാജ്യത്തെ ഒരു സാധാരണക്കാരനായപൗരൻ എന്ന നിലയിൽ, ഞാൻ തീർച്ചയായും രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നു. സ്വന്തം പാർട്ടിയുടെ ശക്തനായ ഒരു പ്രധാനമന്ത്രിയുടെ മരണത്തിൽ രാഷ്‌ട്രം വിലപിച്ചപ്പോൾ, അദ്ദേഹം എന്തിന് വേണ്ടി പുതുവത്സരം ആഘോഷിക്കാൻ വിദേശ യാത്ര പോയി?” ഒരു ദശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശർമിഷ്ഠ ചോദിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ശവസംസ്കാരത്തിന് ശേഷമുള്ള ചടങ്ങുകൾക്ക് മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇല്ലാതിരുന്നതിനെയും അവർ ചോദ്യം ചെയ്തു.
“മുൻ പ്രധാനമന്ത്രിയുടെ കുടുംബത്തിന് പിന്നിൽ പാർട്ടി ശക്തമായി നിൽക്കേണ്ട സമയമായിരുന്നു അത്. എന്റെ അച്ഛൻ മരിച്ചപ്പോൾ പാർട്ടി നേതാക്കളിൽ നിന്ന് എനിക്ക് വ്യക്തിപരമായ അനുശോചനം ലഭിച്ചു. കോവിഡ് -19 മഹാമാരിക്കാലമായതിനാൽ പിന്നീട് ആരും വന്നില്ല. എന്നാൽ ഇപ്പോൾ കോവിഡോ നിയന്ത്രണങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഒരു കോൺഗ്രസ് നേതാവും മരണാനന്തര ചടങ്ങുകൾക്ക് ഇല്ലാതിരുന്നത്? ശർമിഷ്ഠ ചോദിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് മരിച്ച് ദിവസങ്ങൾക്കുള്ളിൽ പുതുവത്സരം ആഘോഷിക്കാൻ വിയറ്റ്നാമിലേക്ക് പറന്ന
രാഹുലിനെതിരെ ബിജെപിയും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്ന്. രാജ്യം ഏഴുദിവസത്തെ ദുഃഖാചരണം നടത്തുമ്പോൾ രാഹുൽ വിദേശത്തേക്ക് പറന്നു. കോൺഗ്രസ് മൻമോഹൻ സിംഗിനെ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും മരണശേഷവും ഇതാണ് തുടരുന്നതെന്നും ബിജെപി ആരോപിച്ചു.