തിരുമല: തിരുപ്പതിയിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ആറായി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് തിരുപ്പതിയിലെത്തും. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചികിത്സയിലുള്ളവരെയും കാണും.
സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപി, ടിടിഡി എക്സിക്യൂട്ടീവ് ഓഫീസർ, ജില്ലാ കളക്ടർ, എസ്പി എന്നിവരുമായി ഉന്നതതല അവലോകന യോഗം നടത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. ഇത്രയേറെ പേർ എത്തുന്ന സ്ഥലത്ത് സുരക്ഷാ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു. ധാരാളം ഭക്തർ എത്തുമെന്ന് അറിഞ്ഞിട്ടും മതിയായ സൗകര്യങ്ങൾ ഒരുക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
മരണസംഖ്യ ഉയരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ടോക്കൺ വിതരണ കൗണ്ടറുകളുടെ നടത്തിപ്പ് പുനഃപരിശോധിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കാനും ടിടിഡി ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
വൈകുണ്ഠ ഏകാദശി ദർശനം നടത്തുന്നതിനായി കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം നടന്നത്. 94 കൗണ്ടറുകളിലായി 1.20 ലക്ഷം ടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയെങ്കിലും വൈകുന്നേരം ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂ നിന്നവർ തള്ളിക്കയറാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ.
ക്യൂ നിന്നവർ ഉന്തും തള്ളുമുണ്ടാക്കിയതോടെ മുൻപിൽ നിന്നവർ നിലത്തേക്ക് വീഴുകയായിരുന്നു. പിന്നാലെ എത്തിയവർ ഇവരെ ചവിട്ടിമെതിക്കുകയായിരുന്നു. പരിക്കേറ്റവർക്ക് സംഭവസ്ഥലത്ത് വച്ച് തന്നെ പ്രാഥമിക ശൂശ്രൂഷ നൽകുന്നുണ്ട്.