ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ മെഡിക്കൽ ഉപകരണമെന്ന ഖ്യാതി സ്വന്തമാക്കി ‘നാഡി തരംഗിണി’. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പൾസ് ഡയഗ്നോറ്റിക് ഉപകരണമാണിത്. നാഡി തരംഗിണിക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‍സിഒ) അംഗീകാരം ലഭിച്ചു.
ഐഐടി ബോംബൈയിലെ ഗവേഷകനായ ഡോ. അനിരുദ്ധ ജോഷി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി ചാൻസലർ പ്രൊഫ. ജെബി ജോഷി എന്നിവർ ചേർന്നാണ് ആയുർവേദ ഉപകരണം വികസിപ്പിച്ചെടുത്തത്.
22 ആയുർവേദ ചികിത്സ ഘടകങ്ങൾ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ”നാഡി തംരഗിണി’ കണ്ടെത്തും. മലയാളം അടക്കം പത്ത് ഇന്ത്യൻ ഭാഷകളിൽ മെഡിക്കൽ റിപ്പോർട്ട് നൽകാനും ഉപകരണത്തിന് കഴിയും. 55,000 രൂപ വിലയുള്ള ഈ ഉപകരണം പൂനെയിലെ ഹിഞ്ജെവാഡിയിൽ സ്ഥിതി ചെയ്യുന്ന ആത്രേയ ഇന്നൊവേഷൻസാണ് നിർമ്മിക്കുന്നത്.
ആയുർവേദ ചികിത്സയ്‌ക്ക് പുതിയ ദിശ നൽകാൻ പുത്തൻ സാങ്കേതികവിദ്യക്കാകും. ആറ് വർഷത്തിലേറെ നീണ്ട ഗവേഷണമാണ് ഉപകരണത്തിന്റെ പിറവിക്ക് പിന്നിൽ. ഇന്ത്യയിലുടനീളമുള്ള 1,250-ലധികം ആയുർവേദ ക്ലിനിക്കുകളിൽ ഉപയോഗിക്കുന്ന ഉപകരണത്തിന് യുഎസ്, യൂറോപ്പ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്ന് പേറ്റൻ്റും ലഭിച്ചിട്ടുണ്ടെന്ന് ജെബി ജോഷി കൂട്ടിച്ചേർത്തു. അടുത്തിടെ ‘മൻ കി ബാത്ത്’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ ഉപകരണത്തെ കുറിച്ച് പരാമർശിച്ചിരുന്നു.
പ്രതിവർഷം 5,000 നാഡി തരംഗിണി ഉപകരണങ്ങൾ നിർമ്മിക്കാനുള്ള ശേഷിയുണ്ടെന്ന് ആത്രേയ ഇന്നൊവേഷൻസ് അറിയിച്ചു. അടുത്തിടെ അഞ്ച് കോടി രൂപയുടെ സീഡ് ഫണ്ടിംഗ് ലഭിച്ചു. ഗവേഷണത്തിനും വിതരണ ശൃംഖല സ്ഥാപിക്കുന്നതിനും ഉൽപാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാൻ പദ്ധതിയിടുന്നുവെന്ന് നിർമാതാക്കൾ അറിയിച്ചു.















