തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രിയെ രൂക്ഷമായി വിമർശിച്ച് അദ്ധ്യാപക സംഘടനയായ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA). കലോത്സവ മേള നടത്തിയ അദ്ധ്യാപകരെ മന്ത്രി അവഹേളിച്ചെന്നും സമാപന സമ്മേളന വേദി മന്ത്രിയുടെ സ്റ്റാഫുകൾ കയ്യടക്കിയെന്നും സബ് കമ്മറ്റി കൺവീനർമാരെ പൊലീസ് ബലപ്രയോഗത്തിലൂടെ അപമാനിച്ച് ഇറക്കിവിട്ടെന്നുമുള്ള ഗുരുതര ആരോപണമാണ് കെപിഎസ്ടിഎ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കലോത്സവത്തിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മീഡിയ ചുമതലയുള്ള അരുണിന്റെ പോസ്റ്റിലാണ് വിമർശനം.
സമാപന സമ്മേളന വേദി മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് കയ്യടക്കുന്ന രീതി ചരിത്രത്തിലാദ്യമായാണ് ഉണ്ടായതെന്ന് പോസ്റ്റിൽ ആരോപിക്കുന്നു. വിവിധ സംഘടനയിൽപെട്ട അദ്ധ്യാപകർ ആത്മാർത്ഥമായ പ്രവർത്തനം കാഴ്ച വച്ചതിന്റെ ഫലമായാണ് 15,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കലോത്സവം വിജയത്തിലേക്ക് എത്തിച്ചത്. എന്നാൽ കാര്യം കഴിഞ്ഞപ്പോൾ തങ്ങൾക്ക് കറിവേപ്പിലയുടെ വിലയാണ് നൽകിയതെന്നും കുറിപ്പിൽ പറയുന്നു.
അതുവരെ ഏറെ ബഹുമാനത്തോടെയും സ്‍നേഹത്തോടെയും പെരുമാറിയിരുന്നവർ സമാപന സമ്മേളനത്തിന് തൊട്ടുപിന്നാലെ അദ്ധ്യാപകരെ അപമാനിച്ചു. സാംസ്കാരിക കേരളത്തിന് തന്നെ അപമാനകരമായ പ്രവൃത്തിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും KPSTA പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് കൺവീനർമാർക്ക് ഒരുക്കിയ ഫലകം ഉൾപ്പടെ ഉപേക്ഷിച്ചാണ് പലരും വേദി വിട്ടത്.
പരാതികൾ ഇല്ലാതെ വളരെ ഭംഗിയായാണ് കലോത്സവം സംഘടിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രശംസിച്ച് മണിക്കൂറുകൾക്കകമാണ് വിദ്യാഭ്യാസമന്ത്രിക്കെതിരെ പ്രതിഷേധം ഉയരുന്നത്. കലോത്സവത്തിന് ജീവനേകിയ അദ്ധ്യാപകരെ വിസ്മരിച്ചത് ഏറെ ദുഃഖകരമാണെന്നും കേരളത്തിന് തന്നെ അപമാനമാണെന്നുമാണ് ജനങ്ങൾ അഭിപ്രായപ്പെടുന്നത്.















