അനന്തപുരിയിൽ കലാ മാമാങ്കത്തിന് തിരശീല വീണെങ്കിലും പ്ലസ് വണ്ണിൽ പഠിക്കുന്ന നയനയുടെ സ്വപ്നത്തിന്റെ തിരശീല ഉയർന്നു. 63-ാമത് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ തൃശൂർ നെല്ലായി സ്വദേശി നയനയ്‌ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വീടിന്റെ ദുരവസ്ഥ അറിഞ്ഞ കേന്ദ്രമന്ത്രി പുതിയ വീട് വയ്‌ക്കാനുള്ള സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
കലോത്സവത്തിൽ മിമിക്രിയിലാണ് നയന എ ഗ്രേഡ് വാങ്ങിയത്. മറ്റുള്ളവരെ ചിരിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുമ്പോഴും നയന ജീവിതത്തിൽ പലപ്പോഴും ദുഃഖിതയായിരുന്നു. പോരാട്ട വീര്യവുമായാണ് അവൾ തലസ്ഥാന നഗരിയിലെത്തിയത്. വേദിയെ സജീവമാക്കി അവൾ എ ഗ്രേഡുമായി വീട്ടിലെത്തി. പിന്നാലെ സുരേഷ് ഗോപി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു, ഒപ്പം വീട് വയ്‌ക്കാനുള്ള സഹായവും വാദ്ഗാനം ചെയ്തു.
നാലര ലക്ഷം രൂപയാണ് സുരേഷ് ഗോപി സഹായ വാഗ്ദാനം നൽകിയിരിക്കുന്നത്. ഏറെ നാളത്തെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് നയനയും കുടുംബവും. അച്ഛൻ മണികണ്ഠൻ രോഗം ബാധിച്ച് നാല് വർഷങ്ങൾക്ക് മുൻപ് മരണമടഞ്ഞു. അമ്മ പ്രീതി തയ്യൽ ജോലിക്ക് പോയി ലഭിക്കുന്ന തുച്ഛമായ തുകയാണ് കുടുംബത്തിന്റെ ഏക വരുമാനം. ടാർപ്പായ കൊണ്ട് മറച്ച വീട്ടിലാണ് നയനയും ചേച്ചിയും അമ്മയും മുത്തശ്ശിയും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത്.
തൃശൂർ നന്ദിക്കര ബിഎച്ച്എസ്എസിലെ പ്ലവൺ വിദ്യാർത്ഥിയാണ് നയന. ചെറുപ്പം മുതൽക്കേ കലോത്സവങ്ങളിൽ മികച്ച പ്രകടനമാണ് നയന കാഴ്ച വയ്‌ക്കുന്നത്. ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ കെ. കെ അനീഷ് കുമാറും മറ്റ് നേതാക്കളും നയനയെ വീട്ടിലെത്തി അഭിനന്ദിച്ചു. വീഡിയോ കോൾ വഴി സുരേഷ് ഗോപി, നയനയും കുടുംബവുമായി സന്തോഷം പങ്കിട്ടു.