ലഖ്‌നൗ: 1978ലെ സംഭാല്‍ കലാപം പുനരന്വേഷിക്കാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചു. ഒരാഴ്ചയ്‌ക്കകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു അഡീഷണൽ പോലീസ് സൂപ്രണ്ടിനെ (എഎസ്പി) നിയോഗിച്ചു.
ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയിൽ നിന്ന് പൊലീസിന് ലഭിച്ചു. സംയുക്ത അന്വേഷണത്തിന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജില്ലാ മജിസ്‌ട്രേറ്റിന് (ഡിഎം) കത്ത് നൽകിയിട്ടുണ്ട്.
1978-ലെ സംഭാൽ കലാപം പ്രദേശത്ത് കാര്യമായ സാമുദായിക അശാന്തി സൃഷ്ടിച്ചിരുന്നു. ഇതിൽ ഹിന്ദുക്കൾക്കെതിരെ വലിയ തോതിലുള്ള അക്രമങ്ങളും തീവയ്പ്പും നടന്നു. ഒടുവിൽ ആ പ്രദേശത്തു നിന്ന് നിരവധി ഹിന്ദു കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. കലാപത്തിൽ നിരവധി ഹിന്ദുക്കൾ കൊല്ലപ്പെട്ടതായി അതിനെ അതിജീവിച്ചവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
46 വർഷമായി അടച്ചിട്ടിരുന്ന സംഭാലിലെ പുരാതന കാർത്തിക് മഹാദേവ ക്ഷേത്രം വീണ്ടും തുറന്നതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവ വികാസങ്ങൾ . 2024 നവംബർ 24 ന് ഷാഹി ജുമാ മസ്ജിദിൽ സർവേയ്‌ക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടർന്നാണ് ക്ഷേത്രം വീണ്ടും തുറക്കാൻ തീരുമാനിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയമസഭയിൽ നടത്തിയ പ്രസ്താവനയെ തുടർന്നാണ് തീരുമാനം.