തിരുപ്പതി ക്ഷേത്രത്തിലെ അപകടം; മരിച്ച ആറുപേരിൽ പാലക്കാട് സ്വദേശിനിയും

Published by
Janam Web Desk

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരിൽ മലയാളിയും. പാലക്കാട് വണ്ണാമട വെള്ളാരംകല്ല്മേടിലെ ഷണ്മുഖ സുന്ദരത്തിന്റെ ഭാര്യ നിർമല ആണ് മരിച്ചത്. നിർമലയും ബന്ധുക്കളുമുൾപ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയ്‌ക്ക് തിരുപ്പതി ദർശനത്തിനായി പോയത്.

തിരക്കിൽപെട്ട് മരിച്ച ആറുപേരിൽ ഒരാൾ പാലക്കാട് സ്വദേശിനിയാണെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. ഇന്നാണ് നിർമല മരിച്ചുവെന്ന വിവരം ബന്ധുക്കൾ സ്ഥിരീകരിക്കുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

വൈകുണ്ഠ ഏകാദശി ദർശനം നടത്തുന്നതിനായി കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം നടന്നത്. 94 കൗണ്ടറുകളിലായി 1.20 ലക്ഷം ടോക്കണുകൾ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. ടോക്കൺ വിതരണത്തിനിടെ ക്യൂ നിന്നവരിൽ ഒരു സ്ത്രീ കുഴഞ്ഞുവീഴുകയും പൊലീസ് ഇവരെ ആശുപതിയിലേക്ക് മാറ്റാൻ പ്രധാന ഗേറ്റ് തുറന്നതോടെ ആളുകൾ തള്ളിക്കയറുകയുമായിരുന്നു. തിക്കിലും തിരക്കിലുംപെട്ട് ആറ് പേർ മരിക്കുകയും നിരവധിപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

Share
Leave a Comment