പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതിചേർത്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് മാതാപിതാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിലെ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആറ് കേസുകളിലാണ് സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി എന്ന വിവരം അറിഞ്ഞിട്ടും മാതാപിതാക്കൾ പൊലീസിനെ വിവരമറിയിച്ചിരുന്നില്ല. കൂടാതെ നിയമനടപടിയുമായി മുന്നോട്ട് പോകാൻ മാതാപിതാക്കൾ തയാറായിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് സിബിഐ ഇവരെ പ്രതിചേർത്തത്. മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പെൺകുട്ടികളുടെ മരണം കൊലപാതകമാണെന്ന് മാതാപിതാക്കൾ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാൽ ആത്മഹത്യ എന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. ഇതിന് പിന്നാലെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി മാതാപിതാക്കളെ കേസിൽ പ്രതിചേർത്തത്.
ബലാത്സംഗത്തെ കുറിച്ച് മാതാപിതാക്കൾ അറിഞ്ഞിട്ടും പൊലീസിനെയോ മറ്റ് നിമയസംവിധാനങ്ങളെയോ അറിയിച്ചിരുന്നില്ലായെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. വിവരം മാതാപിതാക്കൾ അറിഞ്ഞതിന് ശേഷവും പെൺകുട്ടികൾ ബലാത്സംഗത്തിനിരയായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.















