ന്യൂഡൽഹി: മുതലത്തലയുമായി യാത്ര ചെയ്യാൻ ശ്രമിച്ച വിദേശി ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിൽ. കനേഡിയൻ പൗരനാണ് പിടിയിലായത്.
ജനുവരി ആറിനാണ് സംഭവം. പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ലഗേജ് വിശദമായി പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ് 777 ഗ്രാം ഭാരമുള്ള മുതലയുടെ തല ക്രീം നിറത്തിലുള്ള തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഡൽഹി വനംവകുപ്പ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തല മുതലയുടേതാണെന്ന് സ്ഥിരീകരിച്ചു. കൂടുതൽ അന്വേഷണത്തിനായി തല ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേക്ക് അയച്ചു. കസ്റ്റംസ് നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
തായ്ലൻഡിൽ പോയപ്പോൾ അവിടെ നിന്നും വാങ്ങിയതാണിതെന്നാണ് യുവാവ് കസ്റ്റംസിന് നൽകിയ മൊഴി. മുതലയെ കൊന്നിട്ടില്ലെന്നും കൗതുകം കൊണ്ട് വാങ്ങിയതാണെന്നും യുവാവ് പറഞ്ഞു. അതേസമയം, ഇത്തരം വസ്തുക്കളുമായി യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട രേഖകൾ ഇയാൾക്ക് കാണിക്കാനായില്ല.
2023 സെപ്റ്റംബറിൽ ആഫ്രിക്കൻ പെരുമ്പാമ്പുകളും അപൂർവ അണ്ണാനും ഉൾപ്പെടെ 16 വിദേശ മൃഗങ്ങളെ ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഹാൻഡ് ബാഗുകളിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. 35 കാരനാണ് അന്ന് അറസ്റ്റിലായത്.















