ഷേക്ക്ഹാൻഡ് അഥവാ ഹസ്തദാനത്തെ ചുറ്റിപറ്റിയുള്ള വീഡിയോകളാണ് അടുത്തിടെ സോഷ്യൽമീഡിയ ഇടങ്ങളിലെ പ്രധാന ആകർഷണം. ഷേക്ക്ഹാൻഡ് കൊടുക്കുമ്പോൾ കാണാതെ പോകുന്നതും, ശ്രദ്ധിക്കാത്തതുമൊക്കെ സർവ്വസാധാരണം. എന്നാൽ, ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെട്ടാൽ അത് പിന്നീട് ട്രോൾ വീഡിയോയായി സോഷ്യൽമീഡിയയിൽ നിറയും. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിക്കാറുണ്ട്. അതുപോലെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന കലോത്സവ സമാപനചടങ്ങിനിടെ ഉണ്ടായത്.
ആസിഫ് അലിക്ക് ഷേക്ക്ഹാൻഡ് കൊടുക്കാൻ കൈനീട്ടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അത് ശ്രദ്ധിക്കാതെ പോകുന്ന ആസിഫ് അലിയും അതുകണ്ട് പൊട്ടിച്ചിരിക്കുന്ന ടൊവിനോയുമാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ താരം. സമാപാന ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു താരങ്ങളായ ടൊവിനോയും ആസിഫും. ആസിഫ് നടന്നുവരുമ്പോൾ ഷേക്ക്ഹാൻഡ് കൊടുക്കാൻ കൈനീട്ടുകയാണ് മന്ത്രി. എന്നാൽ ഇതുകാണാതെ, സദസിലേക്ക് നോക്കി ചിരിച്ചുകൊണ്ടാണ് ആസിഫ് നടന്നത്. ഇതൊക്കെ കണ്ട് മന്ത്രിയുടെ അടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന ടൊവിനോയെയും വീഡിയോയിൽ കാണാം.
സമാപനചടങ്ങിൽ, കൗമാരക്കാരുടെ കയ്യടിവാരിക്കൂട്ടിയ ടൊവിനോയുടെയും ആസിഫിന്റെയും പ്രസംഗം സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. ഇതിനിടെയാണ് മന്ത്രിക്ക് പറ്റിയ അമളിയും വൈറലാവുന്നത്. ‘ഞാനും പെട്ടു’ എന്ന അടിക്കുറിപ്പോടെ വി ശിവൻകുട്ടിയും വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.