പ്രവാസിയായി ഭർത്താവിനെതിരെ ഗുരുതര പരാതിയുമായി ഭാര്യ. ഭർത്താവിന്റെ സുഹൃത്തുക്കൾ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകി. ഭർത്താവ് ഇവരിൽ നിന്നും പണം കൈപ്പറ്റുന്നുണ്ടെന്ന അതീവ ഗുരുതരമായ ആരോപണവും യുവതി ഉന്നയിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി ഭർത്താവിന്റെ രണ്ട് സുഹൃത്തുക്കൾ തന്നെ ബലാത്സംഗം ചെയ്യുകയാണ്. താൻ ഗർഭിണിയാണെന്നും ഭർത്താവ് സൗദി അറേബ്യയിൽ ജോലി ചെയ്യുകയാണെന്നും യുവതി പറഞ്ഞു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ 35 കാരിയാണ് ഭർത്താവിനെതിരെ രംഗത്തെത്തിയത്.
ഓരോ തവണ വീട്ടിൽ എത്തുന്നതിന് മുമ്പും സുഹൃത്തുക്കൾ ഭർത്താവിന് പണം നൽകാറുണ്ട്. ബലാത്സംഗ ദൃശ്യങ്ങൾ ഫോണിൽ പകർത്തി ഇവർ ഭർത്താവിന് അയച്ചു കൊടുക്കും. സൗദിയിലിരുന്ന് ഭർത്താവ് ഈ ദൃശ്യങ്ങൾ കണ്ടുവെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം ഭർത്താവിനോട് പറഞ്ഞപ്പോൾ ഡിവോഴ്സ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
2010ലാണ് യുവതിയുടെ വിവാഹം. ദമ്പതികൾക്ക് നാല് മക്കളുണ്ട്. സൗദി അറേബ്യയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഭർത്താവ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ ഇയാൾ നാട്ടിലേക്ക് വരും. മൂന്ന് വർഷം മുമ്പ് ചടങ്ങിന് വീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിന്റെ സമ്മതത്തോടെ സുഹൃത്തുക്കൾ ആദ്യമായി പീഡിപ്പിച്ചത്. എന്റെ മക്കൾക്ക് വേണ്ടിയാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും യുവതി പറഞ്ഞു.
ദിവസങ്ങൾക്ക് മുമ്പാണ് തങ്ങൾ ഈ വിവരങ്ങൾ അറിഞ്ഞതെന്ന് യുവതിയുടെ സഹോദരൻ പറഞ്ഞു. അടുത്തിടെ യുവതിയും ഭർത്താവും തമ്മിൽ വാക്കുതക്കമുണ്ടായി അതിനുപിന്നാലെയാണ് തനിക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയാൻ യുവതി തയ്യാറായതെന്ന് സഹോദരൻ പറഞ്ഞു. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.















